കോട്ടയം: കേരള കോൺഗ്രസ്എം വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും പിളർന്നു. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ വിഭാഗവും മുൻ മന്ത്രിയും എംഎൽഎയുമായ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേർന്നതോടെയാണ് പിളർപ്പ് പൂർത്തിയായത്.
ജോണി നെല്ലൂർ പാർട്ടി ഉന്നതാധികാര സമിതി യോഗം വിളിച്ച ഇന്നു തന്നെ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ മറ്റൊരു യോഗവും ചേരുകയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കാനുള്ള നീക്കങ്ങളും ഇതേത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഒടുവിൽ പിളർപ്പിലേക്ക് എത്തിച്ചത്.
തങ്ങളുടെ വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രമേയം യോഗം അംഗീകരിച്ചു. പാർട്ടിയെ പിളർത്താൻ അനൂപ് ജേക്കബ് ചിലരിൽ നിന്ന് അച്ചാരം വാങ്ങിയെന്ന് ജോണി തുറന്നടിച്ചു.
ജേക്കബ് വിഭാഗമെന്ന ചെറിയ പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള വലിയ പാർട്ടിയുടെ സാധാരണ പ്രവർത്തകനായിരിക്കുന്നതാണെന്നും ജോണി നെല്ലൂർ പറഞ്ഞു.
അതേസമയം, ജോസഫ് വിഭാഗവുമായി ലയനം വേണ്ടെന്ന ഉറച്ച നിലപാടിലാണ് അനൂപ് ജേക്കബ്. ഇപ്പോൾ നിൽക്കുന്നതു പോലെ ജേക്കബ് വിഭാഗമായി തന്നെ മുന്നോട്ട് പോകുമെന്ന് അനൂപ് ജേക്കബ് യോഗത്തിനു മുന്നേ പ്രതികരിച്ചു.
തർക്കങ്ങളിലെല്ലാം സമവായമുണ്ടാക്കാനാണ് താൻ 21ാം തീയതി പാർട്ടി ഭരണഘടനയനുസരിച്ച് യോഗം വിളിച്ചതെന്നും അത് തകർക്കനാണ് അനൂപ് ജേക്കബിന്റെ നീക്കണെന്നും ജോണി നെല്ലൂർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നാളുകളായി അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിൽ തുടരുന്ന തർക്കമാണ് ഇപ്പോൾ പിളർപ്പായി പരിണമിച്ചത്.
നേരത്തെ, ടി.എം.ജേക്കബ് മരണമടഞ്ഞതിനു പിന്നാലെ പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ടും അനൂപ് ജേക്കബിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ചുമെല്ലാം ഇരുവരും തമ്മിൽ കൊമ്പുകോർത്തിരുന്നു.
ഒടുവിൽ യുഡിഎഫ് നേതാക്കളും ടി.എം.ജേക്കബിന്റെ ഭാര്യയുമെല്ലാമിടപെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അന്നൊക്കെ താത്കാലിക പരിഹാരങ്ങൾ കണ്ടത്.