പരിയാരം: പിലാത്തറയില്‍ നേരത്തെ ബോംബേറുണ്ടായ കെ.ജെ.ഷാലറ്റിന്റെ വീടിനു സമീപമുണ്ടായ ഉഗ്രസ്ഫോടനത്തില്‍ പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. ബുധനാഴ്ച രാത്രി 9.15 നായിരുന്നു നാടിനെ നടുക്കിയ സ്ഫോടന ശബ്ദംകേട്ടത്. പരിസരവാസികളും നാട്ടുകാരും സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വെടിമരുന്നിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാലാണ് പോലീസിനെ അറിയിച്ചത്.
പരിയാരം പോലീസ് സ്ഥലത്തെത്തി ബോംബിന്റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയതായി ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും അവശിഷ്ടങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പോലീസ് ഭാഷ്യം.കഴിഞ്ഞ മാസം 19 ന് ബോംബാക്രമണം നടന്ന പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്റെ വീടിനു 25 മീറ്റര്‍ മാറിയായിരുന്നു സ്ഫോടനം നടന്നത്.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. സ്ഫോടനം നടന്നതിനു സമീപത്തെ ട്രാന്‍സ്ഫോര്‍മര്‍ പരിസരത്ത് നേരത്തെ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതാണോയെന്ന സംശയത്തിലാണ് പോലീസ്. പ്രദേശത്ത് ബോംബ് ശേഖരമുണ്ടെന്ന സംശയം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഇന്ന് ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സംഘത്തിന്റെ പരിശോധനയുണ്ടാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
എന്നാല്‍ നടന്നത് ബോംബ് സ്ഫോടനമല്ലെന്നു സ്ഥാപിക്കാനുള്ള നീക്കത്തിലാണ് പോലീസിപ്പോള്‍. ട്രാന്‍സ്ഫോര്‍മറിലെ ജമ്പര്‍ എന്ന ഉപകരണം പൊട്ടിയതാണെന്നുള്ള പ്രചാരണവും പോലീസിന്റെ ഭാഗത്തുനിന്ന് വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ നടന്നത് ബോംബ് സ്ഫോടനംതന്നെയാണെന്നും പ്രദേശത്ത് ഭീതിജനിപ്പിക്കാനുള്ള ശ്രമമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തതായി അറിഞ്ഞതിനെത്തുടർന്ന് പ്രതിഷേധിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച കെ.ജെ.ഷാലറ്റ് പിലാത്തറ എയുപി സ്കൂളില്‍ റീപോളിംഗ് നടന്ന മേയ് 19 ന് വോട്ട് ചെയ്യാന്‍ വന്നതുമായി ബന്ധപ്പെട്ട് പോളിംഗ് കേന്ദ്രത്തില്‍ സംഘര്‍ഷവും അന്നു രാത്രി അവരുടെ വീടിനുനേരേ ബോംബാക്രമണവും നടന്നിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.