കണ്ണൂർ: പിലാത്തറയിൽ റീ പോളിംഗിന് ബൂത്ത് ഏജന്റായി പ്രവർത്തിച്ച വി.ടി.വി പത്മനാഭന്റെയും സ്വന്തം വോട്ട് മറ്റാരോ ചെയ്തതിന്റെ പേരിൽ പ്രതികരിച്ച ഷാലറ്റ് സെബാസ്റ്റ്യന്റെയും വീടുകൾക്ക് നേരെ ബോംബെറിഞ്ഞ് നാശനഷ്ടം വരുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇതുവരെ തയാറായിട്ടില്ല.
അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയും അലംഭാവവുമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.നാടിന്റെ ശാന്തിയും സമാധാനവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട നിയമപാലകർ ക്രിമിനലുകളുടെ സംരക്ഷണത്തിന് കാവൽ നില്ക്കുന്നത് പോലെയാണ് പിലാത്തറയിലെ വീടുകൾക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ നിരുത്തരവാദപരമായ സമീപനം പോലീസ് സ്വീകരിക്കുന്നത്.
സിപിഎം പ്രവർത്തകർ പ്രതിയായ കേസുകളിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് നാടിന്റെ ക്രമസമാധാന പാലനത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്ത് വരുമെന്നും ജൂൺ രണ്ടാം വാരത്തിൽ പോലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.