പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം.
നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്റെ ഗതിവിഗതികൾ.
പൈൽസ്
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും.
അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
കാരണങ്ങൾ
1. പാരന്പര്യം: മതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു വിസർജനത്തിനായി പ്രയാസ പ്പെടുന്ന അവസ്ഥ, ഭാരോദ്വഹനം,
അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം. രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക, മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം.
ആ ഭാഗത്തുനിന്നുള്ള രക്ത സ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്.
അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ. പലരും പ്രത്യേകിച്ച് സ്ത്രീകൾ ഡോക്ടറെ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
ചികിത്സ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ. മലബന്ധമാണു കാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു. വിസർജിക്കാൻ മലമുണ്ടാകണം.
മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജ്ജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും, ധാന്യങ്ങളും എല്ലാമാണു കഴിക്കാവുന്ന ഭക്ഷണം. ധാരാളം വെള്ളം കുടിക്കുക. മലബന്ധ വരാതിരിക്കും.ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക. ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
എല്ലാ ചികിൽസാരീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതു ചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്.
രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗനിർദ്ദേശവും നല്കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.
ഡോ: റ്റി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ – 9447689239 [email protected]