ജയ്പൂർ: ജോലി സമയം പൂർത്തിയായെന്ന് ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനം ഉപേക്ഷിച്ചതിനെ തുടർന്നു 48 യാത്രക്കാർ ജയ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി. ലക്നോവിൽ നിന്നു ഡൽഹിയിലേക്കുള്ള 9ഐ644 വിമാനമാണ് പൈലറ്റ് ഉപേക്ഷിച്ചത്. ഡൽഹി വിമാനത്താവളത്തിലെ മോശം കാലവസ്ഥയും സാങ്കേതിക പ്രശ്നങ്ങളെയും തുടർന്ന് വിമാനം വൈകിയതാണ് സംഭവത്തിനു കാരണമായത്.
ബുധനാഴ്ച രാത്രി ഒൻപതിന് ജയ്പുരിൽ എത്തേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലർച്ചെ 1.30നാണ് എത്തിയത്. സാങ്കേതിക തകരാറിനെ തുടർന്നു വീണ്ടും വിമാനം വൈകിയതോടെയാണ് പൈലറ്റ് വിമാനം ഉപേക്ഷിച്ചത്. വിമാനം മുടങ്ങിയതിനെ തുടർന്നു ചില യാത്രക്കാർ ഹോട്ടലിൽ താമസിച്ചെന്നും മറ്റുള്ളവരെ ബസ് മാർഗം ഡൽഹിയിലേക്ക് അയച്ചതായും അധികൃതർ അറിയിച്ചു. എയർപോർട്ട് അധികൃതർ സംഭവം സ്ഥിരീകരിച്ചു. എന്നാൽ ഇതേകുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു പ്രതീകരണവും ഉണ്ടായിട്ടില്ല.