കോതമംഗലം: ഈവർഷം കോതമംഗലത്തെ ക്രിസ്മസ് ആഘോഷത്തിന് ആകർഷണമായത് സാന്റാ പൈലറ്റ്. എല്ലാ വർഷവും ക്രിസ്മസിനെ വരവേൽക്കാൻ ഏറെ പുതുമകൾ ഉള്ള സാന്താക്ലോസിനെ നിർമിക്കാറുള്ള കോതമംഗലം കുത്തുകുഴി ഇടയ്ക്കാട്ട് സിജോ ജോർജാണ് ഇക്കുറിയും പുതുമയാർന്ന സാന്റാ ക്ലോസിനെ ഒരുക്കിയത്.
കുത്തുകുഴിയിൽ സന്തം വീട്ടുമുറ്റത്താണ് സിജോ ഹെലികോപ്റ്റർ ഓടിക്കുന്ന സാന്താക്ലോസ് നിർമിച്ചിരിക്കുന്നത്. ഏഴ് അടി പൊക്കവും അഞ്ച് മീറ്റർ നീളവുമുള്ള ഹെലികോപ്റ്ററിന്റെ ഫ്രെയിം ഈറ്റ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കയറിന് പകരം റബർ ടാപ്പ് ചെയ്യുമ്പോ ലഭിക്കുന്ന ഒട്ടുപാൽ ആണ് ഫ്രെയിമുകൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
നാല് മോട്ടോറുകൾ ആണ് ഹെലികോപ്റ്ററിനെ ചലിപ്പിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. ഹെലികോപ്റ്ററിലെ പങ്കകൾ കറങ്ങാനും സാന്താക്ലോസിന്റെ കഴുത്തും കൈയും ചലിപ്പിക്കാനുമാണ് മോട്ടോറുകൾ ഉപയോഗിച്ചിരിക്കുന്നത്.
കാഡ് ബോർഡും വെള്ളപേപ്പറും ഉപയോഗിച്ചാണ് ഹെലികോപ്റ്റർ ഫ്രെയിമിൽ ബോഡി നിർമിച്ചിരിക്കുന്നത്. ലിവറിൽ കൈവച്ച് ചലിപ്പിക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന സാന്റാക്ലോസ് ഒറിജിനലിനെ വെല്ലും. മുൻവർഷങ്ങളിൽ കുതിരപ്പുറത്തും സൈക്കിളിലും സവാരി ചെയ്യുന്ന ചലിക്കുന്ന സാന്റാ അപ്പൂപ്പൻമാരെ നിർമിച്ച് സിജോ ശ്രദ്ധനേടിയിരുന്നു.
ഇക്കുറി കൂടുതൽ വ്യത്യസ്തത പുലർത്താനാണ് പൈലറ്റ് സാന്റാക്ലോസുമായി രംഗത്തുവന്നത്. സിജോ തയാറാക്കിയ സാന്റാക്ലോസിനെ കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഘോഷങ്ങളിലൊന്നായ ക്രിസ്മസിനെ വരവേൽക്കാൻ എന്തെങ്കിലും പുതുമ വേണം എന്ന ആഗ്രഹം ആണ് ഇത്തരം സാന്റാക്ലോസുകളെ തയാറാക്കാൻ പ്രേരണയായതെന്ന് സിജോ പറയുന്നു.