ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം അഞ്ചു മണിക്കൂർ വൈകി.
പൂനെയിൽനിന്നു ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനമാണ് പൈലറ്റ് ഡ്യൂട്ടിക്കു കയറാൻ വിസമ്മതിച്ചതിനെ തുടർന്ന് വൈകിയത്. ഇതോടെ യാത്രക്കാർ രോഷാകുലരാവുകയും ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
ഏതാനും ദിവസം മുൻപ് നടന്ന സംഭവത്തിൽ വിമാനത്തിനുള്ളിൽനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് ഇൻഡിഗോ എയർലൈൻസിനെതിരേ ഉയർന്നത്. ഡ്യൂട്ടി പരിമിതികൾ സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ ആണെങ്കിലും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു.