ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളെല്ലാവരും. മേഘങ്ങള്‍ക്കിടയിലൂടെ അതി വിശാലമായി സഞ്ചരിക്കുന്ന അനുഭവം ഒന്നു വേറെതന്നെയാണ്. ഭൂമിയെ തൊടാതെയുള്ള ഈ സഞ്ചാരത്തെക്കുറിച്ച് പലരും പിന്നീട് വാചാലരാകും.
എന്നാല്‍ സ്ഥിരം ഈ ജോലി ചെയ്യുന്ന പൈലറ്റിനൊ മറ്റ് ജീവനക്കാര്‍ക്കൊ ഇതില്‍ അത്ര കൗതുകം കാണില്ല. പക്ഷേ ഇവിടെയൊരു പൈലറ്റിന്റെ ഒരു വിമാനയാത്ര ഏറെ പ്രത്യേകതയുള്ളതായി മാറിയിരിക്കുന്നു.
ബെന്‍ എന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ് ആണ് ഈ വ്യക്തി. അദ്ദേഹത്തിന്റെ യാത്ര സവിശേഷമാകാന്‍ കാരണം ആ യാത്രയില്‍ തനിക്കൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ എത്തിയ ദൃശ്യങ്ങളില്‍ ബെന്‍ തന്റെ കുഞ്ഞിനെ കെെയില്പിടിച്ച് യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. അദ്ദേഹം അവരോടായി പറഞ്ഞു ഇത് തനിക്കേറ്റം പ്രിയപ്പെട്ട യാത്രയാണ്. കാരണം തന്റെ മകള്‍ക്കൊപ്പമുള്ള ആദ്യ യാത്രയാണിത്.
“അവളുടെ പൈലറ്റായി ഞാനുള്ള അവളുടെ ആദ്യ വിമാനമാണിത്’ എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ യാത്രക്കാര്‍ കൈയടിച്ചു. എന്താണീ നടക്കുന്നതൊന്നും അറിയാത്ത ആ പെണ്‍കുഞ്ഞ് പിതാവിനെ നോക്കി ഇരിപ്പാണ്. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഈ നിമിഷം നിങ്ങൾ പകർത്തിവയ്ക്കണം. അവൾ വലുതാകുമ്പോൾ ഇത് കാണിച്ചു കൊടുക്കണം. അതിൽ കൂടുതൽ സന്തോഷം അവൾക്ക് ഉണ്ടാകില്ല. അങ്ങനെ പോകുന്നു കമന്റുകൾ.