തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരുന്നു യാത്ര ചെയ്യുന്നവർക്കു ഹെൽമറ്റ് നിർബന്ധമാക്കണമെന്ന ഉത്തരവ് ഒരു മാസത്തേക്കു കർശനമായി നടപ്പാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലാകുന്നവരെ ബോധവത്കരിക്കുമെന്നും തത്കാലത്തേക്കു പിഴ ചുമത്തില്ലെന്നും മന്ത്രി പറഞ്ഞു.
പിൻ സീറ്റ് യാത്രക്കാർക്കു ഹെൽമറ്റ് നിർബന്ധമാക്കണമെന്നു നിർദേശിച്ചു ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സംസ്ഥാന പോലീസ് മേധാവിക്കു കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. കാറുകളിൽ പിൻസീറ്റിൽ സഞ്ചരിക്കുന്നവർക്കു സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്നു നിർദേശിച്ചാണ് ഗതാഗത സെക്രട്ടറി കത്തു നൽകിയത്. ഇതു സംബന്ധിച്ചു സുപ്രീംകോടതിയുടെ വിധി നിലവിലുണ്ട്.
ഇരുചക്ര വാഹനം ഓടിക്കുന്നവർക്കാണ് നിലവിൽ കേരളത്തിൽ ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുള്ളത്. പോലീസ്, മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും നടപടിയും ഇത്തരക്കാർക്കെതിരേ മാത്രമാണു സ്വീകരിക്കുന്നത്. പിൻ സീറ്റിൽ സഞ്ചരിക്കുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നതിൻറെ ഭാഗമായി പരിശോധന നടത്തണമെന്നും കത്തിൽ പറയുന്നു.
കോടതി ഉത്തരവ് പാലിക്കാത്തവർക്കു പരിരക്ഷ നൽകില്ലെന്ന ഇൻഷ്വറൻസ് കന്പനികളുടെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു ഗതാഗത സെക്രട്ടറിയുടെ നീക്കം. ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും നിയമലംഘനമായി കണക്കാക്കുമെന്നും നഷ്ടപരിഹാരം നൽകില്ലെന്നുമാണ് ഇൻഷ്വറൻസ് കന്പനികളുടെ നിലപാട്.