ഇന്നീ വിജയൻ.. നാടിന്റെ അജയൻ…അതെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പിണറായി വിജയനെ പുകഴ്ത്തിയുള്ള ഈ ഗാനമാണ് ഇപ്പോൾ ട്രെൻഡിംഗിൽ. അന്യഭാഷാ ചിത്രത്തിൽ നായകന്റെ എൻട്രിക്ക് കൊടുത്ത ഗാനം മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തിയതായി തോന്നുമെങ്കിലും ഇത് സംഗതി വേറെയാണ്. പറഞ്ഞുവരുന്നത് മാസായ മുഖ്യനെ തീയിൽ കുരുത്ത കുതിരയോടും കൊടുംകാറ്റിൽ പറക്കുന്ന കഴുകനോടും ഉപമിച്ചിറങ്ങിയ പുകഴ്ത്തുപാട്ടിനെ കുറിച്ചാണ്.
വരികൾ കേൾക്കുമ്പോൾ മാസാണെന്ന് തോന്നിയെങ്കിൽ തെറ്റി. സംഭവം ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രോളിനുള്ള വകുപ്പാണ് ഒപ്പിച്ച് കൊടുത്തിരിക്കുന്നത്. കേരള സിഎം എന്ന ഗാനം സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസായത്. സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള സംഭാഷണത്തെ തുടങ്ങി പ്രളയവും കോവിഡുമടക്കം ഗാനത്തിന്റെ ആദ്യ രംഗത്ത് പരാമർശിക്കുന്നുണ്ട്. ഇതൊക്കെ പിണറായിയുടെ മാസിൽ ഉൾപ്പെടുന്നതാണെന്ന് സാരാംശം.
എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പിണറായി വിജയന്റെ ചെറുപ്പകാലം മുതൽ കൗമാരം വരെ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ ഈ ഗാനത്തോട് പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിപിഎമ്മിന് പണി നൽകാൻ വേണ്ടിയിറക്കിയതാണ് ഈ പാട്ടെന്നാണ് വീഡിയോയ്ക്ക് താഴെ എത്തിയ കമന്റുകൾ.
വീഡിയോയിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ സിപിഎമ്മിന്റെ റെഡ് വോളന്റിയർ സേനയുടെ വേഷം ധരിച്ചെത്തിയ സംഘം പാട്ടിനൊപ്പം ചുവടുവയ്ക്കുന്നതാണ്. അതേസമയം, സിപിഎമ്മിലെ വനിതകൾ മുൻപ് അവതരിപ്പിച്ച തിരുവാതിര ഗാനമായ ‘കാരണഭൂതൻ പിണറായി’യെ ചേർത്ത് പിടിച്ചാണ് സോഷ്യൽ മീഡിയകളിൽ ട്രോളുകൾ നിറയുന്നത്.