തൃശൂർ: എത്ര തവണ ഹിമാലയത്തിൽ പോയി എന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. 30 തവണ എന്നു പി. ചിത്രൻ നമ്പൂതിരിപ്പാട്. “അടുത്ത തവണയും പോകുന്നുണ്ടോ” എന്ന് വീണ്ടും ചോദ്യം. “നോക്കാം” എന്ന ശാന്തമായ മറുപടി. തിരക്കുകളിൽനിന്ന് മാറി, ഒരാത്മബന്ധത്തിന്റെ കഥ പറയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചരിത്രകാരനും യാത്രികനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തിയത്.
പെരളശ്ശേരി സ്കൂളിൽ പിണറായി വിജയൻ പഠിക്കുന്ന കാലത്തു പ്രധാനാധ്യാപിക ക്ലാസിൽനിന്നു പുറത്താക്കിയതും അപ്പോൾ അന്നത്തെ ഡിഒ (ഇന്നത്തെ ഡിഡിഇ) ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് തന്നെ ‘രക്ഷിച്ച’ കഥയും നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി അനുസ്മരിച്ചു.
അന്നത്തെ കെഎസ്എഫിന്റെ സജീവ പ്രവർത്തകനായ ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയെ അന്നു ടീച്ചർ പുറത്താക്കിയതിൽ ന്യായമില്ലായിരുന്നുവത്രെ. പക്ഷേ, പിണറായിക്കു ക്ലാസിൽ നിന്നു പുറത്തിറങ്ങി നിൽക്കേണ്ടിവന്നു. ഈ സംഭവം ചിത്രൻ നമ്പൂതിരിപ്പാട് അറിഞ്ഞു. പുറത്താക്കിയതു ന്യായമല്ലെന്നു മനസിലാക്കിയ ചിത്രൻ നമ്പൂതിരിപ്പാട് സ്കൂളിനു മുന്നിലുള്ള എകെജി വായനശാലയിൽ ചെന്നിരിക്കാൻ പിണറായിയോടു പറഞ്ഞു.
പിന്നീട് സ്കൂളിലെത്തിയ അദ്ദേഹം പ്രധാനാധ്യാപികയെ നേരിൽ വിളിച്ച് ശകാരിക്കുകയും പിണറായിയോടു ക്ലാസിൽ ചെന്നിരിക്കാൻ നിർദേശിക്കുകയുംചെയ്തു. ഇതാണ് ഇന്നലെ ചിത്രൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചശേഷം മുഖ്യമന്ത്രി കുടുംബാംഗങ്ങളോടും മറ്റും പറഞ്ഞ ആത്മബന്ധത്തിന്റെ കഥ.
അടുത്തയിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇക്കഥ ചിത്രൻ നമ്പൂതിരിപ്പാട് പങ്കെടുത്ത ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയുടെ അധ്യാപകനായിരുന്നു എന്നാണ് സ്പീക്കർ പറഞ്ഞതെന്നും പക്ഷേ, അദ്ദേഹം പഠിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുത്തി.
ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെ വീട്ടിലെത്തി അഞ്ചുമിനിറ്റ് ഇരുവരും വിശേഷങ്ങൾ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് ചിത്രൻ നമ്പൂതിരിപ്പാട് നല്കി. ചെക്ക് നല്കിയ ശേഷം മുഖ്യമന്ത്രിക്കു ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും കൈമാറി.
ജപ്പാൻ – കൊറിയ സന്ദർശനത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു. ഇനിയും കാണാമെന്നും വരാമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രിയെ ചിത്രൻ നമ്പൂതിരിപ്പാടിനൊപ്പം മക്കളായ കൃഷ്ണൻ, അനുജൻ, ഉഷ, ഗൗരി, മരുമക്കളായ ഡോ. ഹരിദാസ്, അഷ്ടമൂർത്തി, പേരക്കുട്ടിയായ ചിത്രൻ, ചിത്രഭാനു, പ്രപൗത്രൻ അജൽ എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്.