എംജെ ശ്രീജിത്ത്

പേടിക്കേണ്ട , പരിഹാരമുണ്ടാക്കാം മോളേ; അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന് ഭയന്ന ആ 13 പെൺകുട്ടികളും അനുഭവിച്ചറിഞ്ഞു കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ കരുതൽ.
സംഭവം ഇപ്രകാരമാണ്. ഇക്കഴിഞ്ഞ 24 ചൊവ്വാഴ്ച ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിൽ ബിസിനസ് എക്സിക്യൂട്ടീവും പുതിയറ സ്വദേശിനിയുമായ ആതിരയും സുഹൃത്തുക്കളങ്ങുന്ന 14 അംഗ സംഘം കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജോലിസ്ഥലത്തു നിന്നു നാട്ടിലേക്ക് ടെന്പോ ട്രാവലറിൽ ചൊവ്വാഴ്ച രാവിലെ എട്ടോടെ യാത്ര തിരിച്ചു.
സമയം അർധരാത്രി ഒന്നിനോടടുത്തതോടെ വാഹനം വയനാട്- കർണാടക അതിർത്തിയിലെത്തി. ലോക് ഡൗൺ ആയതിനാൽ വാഹനം തോൽപ്പെട്ടി ചെക്ക് പോസ്റ്റ് വരെയുള്ളുൂ.
കോഴിക്കോട്ട് എത്തേണ്ടതാണ്്. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ പരിചയക്കാരായ എല്ലാപേരെയും വിളിച്ചു സഹായം അഭ്യർഥിച്ചു. ഒന്നും നടന്നില്ല. ഒടുവിൽ ആതിര ഗൂഗിളിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറെടുത്ത് വിളിച്ചു. മറുതലക്കയ്ൽ മുഖ്യമന്ത്രിയുടെ ശബ്ദം.
വഴിയിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന ആതിരയുടെ ശബ്ദം ഇടറിയിരുന്നു. വഴിയിൽ കുടുങ്ങിയ കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാം ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രി ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന് മറുപടി നൽകി.
അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ ആതിര അടങ്ങുന്ന 13 അംഗ സ്ത്രീകളടങ്ങിയ 14 അംഗ സംഘത്തിനുണ്ടായ സന്തോഷം ചെറുതല്ല. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിച്ചതിനാലാണ് സംഘം നാട്ടിലേക്ക് വരാനൊരുങ്ങിയത്.
ഇതിനു മുന്പ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം എം സുഭീഷിനെ ഫോണിൽ ബന്ധപ്പെട്ടു സഹായം അഭ്യർഥിച്ചു. സുഭീഷ് യാത്രാ അനുമതിക്കായി കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ സി ബിജുവിനെ ബന്ധപ്പെടുകയും അദ്ദേഹം തെലങ്കാന സർക്കാരിൽനിന്ന് റോഡ് യാത്രയ്ക്ക് അനുമതിവാങ്ങുകയും ചെയ്തു.
ബാഗപ്പള്ളി എത്തിയപ്പോൾ തിരിച്ചുപോകണമെന്ന് നിർദേശം. വീണ്ടും ഡെപ്യൂട്ടി കലക്ടർ ഫോൺ വഴി ഇടപെട്ടു. അരമണിക്കൂർ ചർച്ചക്ക് ശേഷം മറ്റൊരു റോഡ് വഴി യാത്രയ്ക്ക് അനുമതി ലഭിച്ചു. ബംഗളൂരുവിനടുത്തെത്തിയപ്പോഴാണ് രാജ്യം മുഴുവൻ ലോക്ക് ഡൗണായുള്ള പ്രഖ്യാപനം വന്നത്.
തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്നതിനാൽ കേരള അതിർത്തി വരെയേ ഉണ്ടാകൂ എന്ന് ഡ്രൈവർ അറിയിച്ചു. മറ്റൊരു വാഹനത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്. അദ്ദേഹം വയനാട് എസ്പിയുടെയും കലക്ടറുടെയും നമ്പർ ആതിരക്ക് കൊടുത്തു.
മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വിളിക്കുകയാണെന്ന് അറിയിക്കാനും പറഞ്ഞു. എസ്പിയെ വിളിച്ച് അര മണിക്കൂറിനുള്ളിൽ ട്രാവലർ എത്തി.
ഓരോരുത്തരെയും വീടുകളിലെത്തിച്ചു.വീട്ടിലെത്തിയശേഷവും ആതിര വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന ജാഗ്രതാ നിർദേശവും നൽകി. ആതിരക്കൊപ്പം ജോലിചെയ്യുന്ന തീർഥ, അഞ്ജലി കൃഷ്ണ തുടങ്ങി 13 സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു മുഖ്യമന്ത്രിയുടെ കരുതൽ. കോവിഡ് കാലത്ത് ജനങ്ങൾക്കായി നിരവധി പ്രഖ്യാപനങ്ങളും ആശ്വാസ നടപടികളുമായി മുന്നിൽ നിൽക്കുന്ന സർക്കാർ ഒപ്പമല്ല മുന്നിൽ തന്നെയുണ്ടെന്ന പ്രഖ്യാപനം വെറുതയല്ല പറഞ്ഞതെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.