കടുത്തുരുത്തി: പൈനാപ്പിൾ വിപണിയെ തകർത്തെറിഞ്ഞു കോവിഡ്-19. കൃഷിയുടെ വിളവെടുപ്പ് നടത്താൻ കഴിയാതെ വന്നതോടെ പൈനാപ്പിൾ കർഷകർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായി. വായ്പയെടുത്തും സ്വർണം പണയംവച്ചും കൃഷി ചെയ്ത കർഷകർ പണം തിരിച്ചടയ്ക്കാൻ വിഷമിക്കുകയാണ്.
ലോക്ക് ഡൗണിന് മുന്‍പ് കേരളത്തിൽ നിന്നുമുള്ള പൈനാപ്പിളുമായി ഡൽഹി, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് എന്നീ സ്ഥലങ്ങിലേക്കു പോയ വണ്ടികൾ അടച്ചിടലിനെ തുടർന്ന് പാതിവഴിയിൽ കുടുങ്ങി. വാഹനങ്ങളിലുള്ള പൈനാപ്പിൾ ചീഞ്ഞു നശിച്ചു. ടണ്‍ കണക്കിന് പൈനാപ്പിളാണു കൃഷിയിടത്തിൽ വിളവെടുക്കാൻ പാകമായതും പഴുത്തും കിടക്കുന്നത്.
വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗണ്‍സിൽ (വിഎഫ്പിസികെ), ഹോർട്ടികോർപ്, ഫുഡ് പാർക്ക്, കാർഷിക സർവകലാശാല വഴി പൈനാപ്പിൾ സമാഹരിക്കുവാനും മൂല്യവർധിത ഉത്പന്നങ്ങൾ സംസ്കരണം നടത്താനും വിപണനം ചെയ്യാനുമുള്ള സംവിധാനം സർക്കാർ അടിയന്തിമായി ഒരുക്കണം.
മൂല്യവർധിത ഉത്പന്നങ്ങളായ ജാം, സ്ക്വാഷ് തുടങ്ങിയവ ഉണ്ടാക്കുന്നതിലൂടെ കുടുംബശ്രീ, സന്നദ്ധ സംഘടനകൾ കർഷകരെ രക്ഷിക്കുന്നതിനൊപ്പം ഒരു അധിക വരുമാനമാർഗമാകുകയും ചെയ്യും. പഞ്ചായത്ത് തലത്തിലുള്ള സമൂഹ അടുക്കളകളിൽ പൈനാപ്പിളിന്റെ ഉപയോഗം വർധിപ്പിക്കാൻ നിർദേശം നൽകുക. തുടങ്ങിയ നിർദേശങ്ങളാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്.
അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഉൾപെടുത്തി പൈനാപ്പിൾ വിൽപന നടത്താൻ സർക്കാർ സംവിധാനമൊരുക്കണമെന്നാണു കർഷകർ ആവശ്യപ്പെട്ടു.