തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോടു പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന.
കണ്ണൂരിലെ മലയോരഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരി കോളജിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്തയാളാണ് ഇദ്ദേഹം.
കോൺഗ്രസ് നേതാവായിരിക്കുമ്പോഴും ഇദ്ദേഹം പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.
കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതിസമ്പന്നനായ അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരിച്ചത്. സുധാകരന്റെയും മമ്പറം ദിവാകരന്റെയും അടുത്ത സുഹൃത്തായിരുന്നു ഇദ്ദേഹം.
സ്വന്തമായി ഡിസ്റ്റിലറികളുള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ മധ്യസ്ഥന്റെ റോളുകളിലും എത്തിയിരുന്നു