തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കോവിഡ് വോളണ്ടിയർമാർ കൊടി വച്ചും ചിഹ്നം വച്ചും പ്രവർത്തിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായി ഒരുമയോടെയാണ് വോളണ്ടിയർമാർ പ്രവർത്തിക്കേണ്ടത്.
വോളണ്ടിയർമാർ അതതു സ്ഥലത്തുതന്നെ ഉള്ളവർ ആയതിനാൽ തിരിച്ചറിയാൻ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
* മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് വരുന്നതിനു മുന്പും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽ പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാന്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
* സംസ്ഥാനത്ത് കൂടുതൽ ഓക്സിജൻ എത്തും. ഇന്നലെ നല്ല രീതിയിൽ ഓക്സിജൻ അശുപത്രികളിൽ എത്തിക്കാനായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ഓക്സിജൻ ട്രെയിൻകൂടി നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നേരത്തെ പറഞ്ഞ ഒരു ട്രെയിൻ ഇന്നു പുലർച്ചെ വല്ലാർപാടത്ത് എത്തും.
കാലാവസ്ഥാ പ്രശ്നം കാരണം ഓക്സിജൻ ലഭ്യതയിൽ തടസമുണ്ടാകാതെ ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
* കുട്ടികളുടെ കാര്യത്തിൽ അമിതഭീതി പരത്തരുതെന്നു മുഖ്യമന്ത്രി പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്നും തരംഗം ഉണ്ടായപ്പോഴും കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ കുട്ടികൾ രോഗവാഹകരായേക്കാം. കുട്ടികൾക്കും രോഗം വരാം. പക്ഷേ ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും.
അതുകൊണ്ട് കുട്ടികളുടെ കാര്യത്തിൽ അമിതമായ ഭീതി പരത്തരുത്. മുതിർന്നവരുമായി ഇടപെടൽ കുറയ്ക്കുക, മാസ്ക് കൃത്യമായി ഉപയോഗിക്കുക എന്നീ കാര്യങ്ങൾ കുട്ടികളുടെ കാര്യത്തിലും കൃത്യമായി പാലിക്കണം.
* ആയുർവേദം, ഹോമിയോ മരുന്നുകൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനു ഫലപ്രദമാണെന്ന് കഴിഞ്ഞകാലങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടികൾക്കും അത് നൽകാം.
പ്രളയഭീതിയുടെ സാഹചര്യമില്ല
തിരുവനന്തപുരം: മണിമലയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകിയെങ്കിലും സംസ്ഥാനത്ത് പ്രളയഭീതിയുടെ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളം മഴക്കാലത്തിൽ അല്ല. അതിനാൽ പ്രളയഭീതിയുടെ സാഹചര്യമില്ല. അണക്കെട്ടുകളിൽ വലിയ അളവിൽ ജലം സംഭരിച്ചിട്ടില്ല. ചെറിയ അണക്കെട്ടുകൾ തുറക്കുകയും നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കു വിടുകയും ചെയ്യുന്നുണ്ട്.ഒന്പതു ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനാൽ കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. അതിശക്തമായ മഴ തുടർന്നാൽ ജലനിരപ്പ് അപകടാവസ്ഥയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.