വാഴക്കുളം: ഒരുമിച്ച് കുലയ്ക്കുന്നതിന് ഹോർമോൺ പ്രയോഗം നടത്തിയിട്ടും പൈനാപ്പിൾ ഉണ്ടാകാത്ത തോട്ടങ്ങളിലെ പ്രതിഭാസം സംബന്ധിച്ച് അധികൃതർ പരിശോധനയും ഗവേഷണവും ആരംഭിച്ചു.
ചെടിയുടെയും മണ്ണിണ്ണ്, കാലാവസ്ഥ പ്രത്യേക വിഭാഗങ്ങൾ സമന്വയിപ്പിച്ചാണ് പുതിയ പഠനം ആരംഭിച്ചിട്ടുള്ളത്.
ചെടികളിൽ എത്തിഫോൺ പ്രയോഗം നടത്തിയ ശേഷവും പൈനാപ്പിൾ ചെടികൾ കുലയ്ക്കാത്ത പ്രതിഭാസം കാണിക്കുന്ന തോട്ടത്തിന്റെ ഉടമസ്ഥർ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രവുമായി ഉടനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം തോട്ടങ്ങളിൽനിന്ന് കുലയ്ക്കാത്ത പൈനാപ്പിൾ ചെടികളും ഇലയും മണ്ണും പരിശോധനയ്ക്കായി ശേഖരിക്കുകയാണ്.
വളപ്രയോഗം സംബന്ധിച്ചും കർഷകരിൽനിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കും.
ആവർത്തന കൃഷി നടത്തുന്ന തോട്ടങ്ങളിലെ തന്നെ ചെടികളിലും സമാന രീതിയിൽ പൈനാപ്പിൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പൈനാപ്പിൾ ഉണ്ടാകാത്ത സാഹചര്യവും കർഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
അതതു പ്രദേശങ്ങളിലെ കാലാവസ്ഥയും ജല വാർച്ചയും ഇതോടെ പഠനവിധേയമാക്കും.
ഒരേ പോലെ പരിപാലിച്ച് ഹോർമോൺ പ്രയോഗവും നടത്തി ഉത്പാദന ചെലവ് ഏതാണ്ട് പൂർണമായും ചെലവഴിച്ച ശേഷമാണ് ചെടികൾ കുലയ്ക്കാതാകുന്നത്. ഇതു കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നു.
ഇത്തരം ചെടികളിൽ പതിവിൽനിന്നു വ്യത്യസ്തമായി 8-10 കരുത്തുറ്റ തൈകൾ ഉണ്ടാകുകയാണ്. അറിയാതെയെങ്കിലും ഇത്തരം ചെടികൾ തുടർ കൃഷിയ്ക്ക് ഉപയോഗിക്കപ്പെടുന്നതും മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ എരുമേലി, മുണ്ടക്കയം ഇടുക്കി ജില്ലയിലെ മലങ്കര എറണാകുളം ജില്ലയിലെ വാഴക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്ന് ഇതു സംബന്ധിച്ച് കർഷകർ ഗവേഷണ കേന്ദ്രത്തിൽ അറിയിപ്പു നൽകിയിട്ടുണ്ട്.
2018 ലെ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നവരും നിലവിലുള്ള കൃഷിയുടെ പൊതുവിലുള്ള അവസ്ഥ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446840136.