കോട്ടയം: പൈനാപ്പിള്‍ സീസണ് സജീവമാകുമ്പോൾ പൊള്ളുന്ന വെയിലില്‍ വാടി കൈതയും കര്‍ഷകരും. ശൈത്യം മാറി ഉത്തരേന്ത്യ ചൂടുകാലത്തിലേക്കു നീങ്ങുന്നതും രണ്ടാഴ്ചയ്ക്കുള്ളില്‍ ആഗതമാകുന്ന റംസാന് നോമ്പുകാലവും പൈനാപ്പിളിന്റെ ഡിമാൻഡ് വര്ധിപ്പിച്ചിരിക്കുമ്പോഴാണ് പൊള്ളുന്ന വെയില് കര്‍ഷകര്‍ക്ക് ദുരിതമാകുന്നത്..
പകല്‍ താപനില അനുദിനം ഉയരുന്നതോടെ ഉത്പാദനം കുറയുന്നതും തൂക്കം കുറയുന്നതും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു.മുന്‍ വര്‍ഷങ്ങളില്‍ മികച്ച വില ലഭിച്ചതിനാല്‍ ഇത്തവണ കൂടുതല്‍ കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞിരുന്നു. നിലവില്‍ വിപണിയില്‍ വില 55 രൂപ മുതല്‍ മുകളിലേക്കാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് – മേയ് കാലയളവില്‍ വില 60-70 രൂപ നിരക്കില്‍ എത്തിയിരുന്നു.
പകല്‍ താപനില കുത്തനെ കൂടുന്നതാണു കര്‍ഷകരെ നിരാശരാക്കുന്നത്. 35 ഡിഗ്രി സെല്‍ഷ്യസാണു പൈനാപ്പിളിന് അനുകുല കാലാവസ്ഥ. എന്നാല്‍, ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയുള്ള കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കില്‍ പല ദിവസങ്ങളിലും താപനില 40 ഡിഗ്രിക്ക് അടുത്തെത്തി. ഇതോടെ, വിളവെടുക്കാറായ പൈനാപ്പിളിന്റെ പോലും തൂക്കം കുറയുന്നതായി കര്‍ഷകര്‍ പറയുന്നു.
വന്‍ എസ്റ്റേറ്റുകളില്‍ മുതല്‍ അരയേക്കറില്‍ വരെ പൈനാപ്പിള്‍ കൃഷി ചെയ്യുന്നവരുണ്ട്. റീ പ്ലാന്റ് ചെയ്യുന്ന റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണു കൃഷി. എറണാകുളം, ഇടുക്കി ജില്ലയില്‍നിന്നുള്ള വന്‍കിടക്കാരും ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്.
വെയിലിന്റെ ശക്തി വര്‍ധിച്ചതോടെ പ്രതിരോധവും ശക്തമാക്കിയിട്ടുണ്ട്. തോട്ടത്തിലെ പുല്ലു ശേഖരിച്ച് കൈതയ്ക്കു മുകളിലിട്ടും ഓലയും പച്ചനെറ്റും വിരിച്ചുമൊക്കെയാണു പ്രതിരോധം. ചില കര്‍ഷകര്‍ പൈനാപ്പിള്‍ നനയ്ക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍, നന പ്രായോഗികമല്ലെന്നു ചെറുകിട കര്‍ഷകര്‍ പറയുന്നു.