വാഴക്കുളം: പ്രളയാനന്തരം പൈനാപ്പിളിന് ഇരട്ടിയോളം വില ഉയർന്നു. കഴിഞ്ഞ മാസം ഒടുവിൽ പൈനാപ്പിൾ പച്ചയ്ക്കും പഴത്തിനും കിലോഗ്രാം വില പതിനാറു രൂപയായിരുന്നതാണ് ഇന്നലെ 29നും 33 നും വ്യാപാരം നടന്നത്.
പഴത്തിന് ഇനിയും വില ഉയരാനുളള സാധ്യതയാണുളളത്. പ്രളയജലം കെട്ടിനിന്നും ചെളിയടിഞ്ഞും അതി വൃഷ്ടി മൂലവും പൈനാപ്പിളിന്റെ വിപണിയിലേക്കുള്ള വരവ് കുറഞ്ഞതായാണ് കാണുന്നത്. പാകമായി നിന്നതും അടുത്ത മാസങ്ങളിൽ വിളവെടുപ്പിന് ഒരുങ്ങിയതുമായ പൈനാപ്പിൾ തോട്ടങ്ങളിൽ ഏകദേശം ഇരുപതു മുതൽ മുപ്പത്തഞ്ചു ശതമാനം വരെ നാശനഷ്ടങ്ങളുണ്ടായതായും കണക്കാക്കുന്നു.
അതിനാൽത്തന്നെ പഴത്തിനു വില ഉയർന്നേക്കാം. വെളളം കെട്ടിനിന്നു പൈനാപ്പിൾ ചെടി നശിച്ച തോട്ടങ്ങളിലെ പൈനാപ്പിളിന്റെ ഉത്പാദനവും സമീപ നാളുകളിൽ ഗണ്യമായി കുറയും.എന്നാൽ, ദിനംപ്രതിയുണ്ടാകുന്ന ഡീസൽ വില വർധന ചരക്കുനീക്കത്തിനു വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
ലോറി വാടക ക്രമാതീതമായി ഉയരുന്നതായും വ്യാപാരികൾ പറയുന്നു. ചരക്കു കയറ്റുന്പോഴുളള ഡീസൽ വിലയേക്കാളും ഉയർന്ന നിരക്കിലാണ് മടക്കയാത്രയ്ക്കു ലോറിയിൽ ഇന്ധനം നിറയ്ക്കുന്നത്.ഇതര മേഖലയിലെന്ന പോലെ പൈനാപ്പിൾ വിപണിയെയും ഇന്ധനവില വർധന പ്രതികൂലമായി ബാധിക്കുകയാണ്.