തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഒൻപതരയോടെ മസ്ക്കറ്റ് ഹോട്ടലിൽ സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി രോഷാകുലനായത്.
സമാധാന ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചാണ് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തപ്രചാരക് പി.ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് ദക്ഷിണ മേഖല ഭാരവാഹി പ്രസാദ് ബാബു, ഒ.രാജഗോപാൽ എംഎൽഎ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ ആദ്യം എത്തിയത്. ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയും മുഖ്യമന്ത്രിയും കോടിയേരിയും എത്തുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി രോഷാകുലനായത്.
“കടക്ക് പുറത്ത്’ എന്ന് ആക്രോശിച്ചതോടെ മാധ്യമപ്രവർത്തകർ ചർച്ച നടക്കുന്ന മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്നു.