തിരുവനന്തപുരം: പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണവുമായി പി.സി. ജോർജ്.
പിണറായിയുടെ അനധികൃത നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് അമേരിക്കയിലുള്ള വിവാദ വ്യവസായി ഫാരീസ് അബൂബക്കറാണ്.
മുഖ്യമന്ത്രിയുടെ അമേരിക്കൻ ബന്ധത്തെപ്പറ്റി വിശദമായി അന്വേഷിക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് പരാതി നൽകും. പിണറായി അഴിമതിക്കാരനാണെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ സാമ്പത്തിക സ്ത്രോതസ് അന്വേഷിക്കണം.
പിണറായിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് വീണ വിജയന്റെ കമ്പനി വഴിയെന്ന് സംശയിക്കുന്നു.
തനിക്കെതിരായ പീഡന കേസിന് പിന്നിൽ പിണറായിയും ഫാരീസുമാണ്. ഇതൊരു കള്ളക്കേസാണെന്ന് കോടതിയിൽ തെളിഞ്ഞു.
കേരളത്തിൽ സർക്കാർ ഡാറ്റ കച്ചവടം നടത്തുന്നു എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളത്. വി.എസ് അച്യുതാനന്ദൻ തന്നെ മകനെപ്പോലെയാണ് കണ്ടത്.
അദ്ദേഹം സജീവമായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, പീഡനക്കേസിൽ പി.സി. ജോർജിന് ഉപാധികളോടെയാണ് തിരു. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
പരാതിക്കാരിക്ക് വിശ്വാസയോഗ്യതയില്ലെന്ന ജോർജിന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ജാമ്യം നൽകുകയായിരുന്നു.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കുറ്റപത്രം സമർപ്പിക്കുന്നതുവരെ ജോർജ് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.