തിരുവനന്തപുരം: സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് കയർത്തത് എന്തിനാണെന്ന ചോദ്യത്തോട് ഒന്നും പ്രതികരിക്കാതെ മുഖ്യമന്ത്രി. രാവിലെ മസ്കറ്റ് ഹോട്ടലിൽ എത്തിയ മാധ്യമപ്രവർത്തകരോട് “കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതിനോട് ഒരു തരത്തിലും പ്രതികരിക്കാതെ മൗനിയായി മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു.
ഇന്ന് രാവിലെ ഒൻപതരയോടെയാണ് സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോടാണ് കടക്ക് പുറത്ത് എന്ന് ആക്രോശിച്ചുകൊണ്ട് മുഖ്യമന്ത്രി രോഷാകുലനായത്. സമാധാന ചർച്ചയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചാണ് എത്തിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്തപ്രചാരക് പി.ഗോപാലൻകുട്ടി മാസ്റ്റർ, ആർഎസ്എസ് ദക്ഷിണ മേഖല ഭാരവാഹി പ്രസാദ് ബാബു, ഒ.രാജഗോപാൽ എംഎൽഎ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കാൻ ആദ്യം എത്തിയത്. ഇവരുടെ ദൃശ്യങ്ങൾ പകർത്തുകയും മുഖ്യമന്ത്രിയും കോടിയേരിയും എത്തുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്രോശം.