ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദീയ സ്കൂളിലെ ക്യാന്പിൽ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയിൽപ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിന്റെയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിന്റെയും അത്ഭുതത്തിലാണ് ക്യാന്പംഗവും യുകെജി വിദ്യാർഥിയുമായ അന്നാമരിയ.
പുളിങ്കുന്ന് സ്വദേശി അന്നാമരിയയുടെ കുടുംബം ക്യാന്പിലാണ്. വെള്ളം കയറിയപ്പോൾ കിട്ടിയതെല്ലാമെടുത്ത് ക്യാന്പിലേക്ക് പോന്നത്. പന്നുകുന്നം മേരിമാത എൽപിഎസിലെ വിദ്യാർഥിനിയായ അന്നയ്ക്കൊപ്പം രക്ഷിതാക്കളായ തോമസ്, ആൻസ് മേരി എന്നിവരും ക്യാന്പിലുണ്ട്.
അമ്മൂമ്മയ്ക്കൊപ്പം നിന്നിരുന്ന അന്ന തിക്കിൽപ്പെട്ട് അകലേക്ക് മാറിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി ഹാളിലെ അന്തേവാസികളോട് കുശലം പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഇവരെ പ്രത്യേകം അന്വേഷിക്കുകയായിരുന്നു. അന്നയോട് പേര് അന്വേഷിച്ചതോടെ ക്യാന്പിലെ മറ്റ് സ്ത്രീകളും കുട്ടികളും മുഖ്യമന്ത്രിയുടെ ചുറ്റുംകൂടി.
പലരും വീട് പൂർണമായി മുങ്ങിയതും സാധനസാമഗ്രികൾ നഷ്ടപ്പെട്ടതുമാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ക്യാന്പിലെ സ്ഥിതിഗതികൾ മന്ത്രിമാർ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. കൂടിനിന്ന എല്ലാവരുടെയും പരാതികൾ കേട്ട് പരിഹരിക്കാമെന്ന ഉറപ്പും നൽകിയാണ് മുഖ്യമന്ത്രി മടങ്ങിയത്. എല്ലാവരും ഒരു കുടുംബമായി കഴിയണമെന്ന് എടുത്തുപറയുകയും ചെയ്തു.