കായംകുളം: മുട്ടിയാൽ തകർക്കാൻ കഴിയാത്തതാണ് കേരളത്തിന്റെ മതനിരപേക്ഷതയെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണു ബിജെപി നേതാവ് അമിത് ഷാ ഒറ്റ രാത്രികൊണ്ടു മുങ്ങിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കറ്റാനം ഭരണിക്കാവിൽ പി.സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
ഹിറ്റ്ലർ ജർമനിയിൽ കാണിച്ച വംശഹത്യ ഇന്ത്യയിലും നടപ്പിലാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ആർഎസ്എസ് കാണുകയാണ്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മനുഷ്യനെ മൃഗീയമായി മർദിച്ചു കൊല്ലുകയാണ്. ഇടതുപക്ഷത്തിന്റെ കരുത്ത് ഉള്ളിടത്തോളം കാലം സംഘപരിവാറിന്റെ രാജ്യത്തിനു വിരുദ്ധമായ ഒരു നീക്കവും ഇവിടെ നടക്കില്ല. ബി ജെപി കൂട്ടിയ കോപ്പൊന്നും പോരാ കേരളത്തെ നേരിടാനെന്ന് അവർക്കു തന്നെ ബോധ്യമായെന്നും പിണറായി പറഞ്ഞു.