കോട്ടയം: കോട്ടയത്തെ പോലീസ് ഇപ്പോൾ മുൾമുനയിലാണ്. നാളെ രണ്ടു ശക്തിപ്രകടനവും ഇതോടൊപ്പം കേന്ദ്ര മന്ത്രി അടക്കം അതീവ സുരക്ഷയുള്ള നേതാക്കൾ പങ്കെടുക്കുന്നതുമാണ് കോട്ടയത്തെ പോലീസിന് തലവേദനയാകുന്നത്.
ബിജെപിയുടെ ജനരക്ഷാ യാത്ര നാളെ കോട്ടയത്ത് എത്തും. അതേ സമയത്തു തന്നെ മറ്റൊരു പരിപാടിയിൽ മുഖ്യമന്ത്രി കോട്ടയത്ത് പങ്കെടുക്കുന്നുമുണ്ട്. ഇതുരണ്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലാണ് പോലീസ് വിഷമിക്കുന്നത്. വൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്പോൾ ഗതാഗതം അടക്കമുള്ള ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ടി വരുമെന്ന് വിലയിരുത്തുന്നു.
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോണ്ഫെഡറേഷൻ സംസ്ഥാന സമ്മേളനം വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നഗരത്തിൽ ഇവരുടെ ശക്തി പ്രകടവുമുണ്ട്. കളക്ടറേറ്റിനു സമീപത്തു നിന്നാണ് പ്രകടനം ആരംഭിക്കുന്നത്.
ഏറ്റുമാനൂരിൽ നിന്ന് വരുന്ന ബിജെപി ജനരക്ഷാ യാത്ര വൈകുന്നേരം ആറിന് നാഗന്പടം മൈതാനിയിൽ എത്തും. കേന്ദ്ര മന്ത്രി സുശീൽകുമാർ ശർമ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാംമാധവ്, നളിൻകുമാർ കട്ടിൽ എംപി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നതിനാൽ ഇവർക്കും സുരക്ഷ ഒരുക്കേണ്ടതുണ്ട്.
നാളെ ഗതാഗത നിയന്ത്രണം
കോട്ടയം: നഗരത്തിൽ നാളെ ഉച്ചകഴിഞ്ഞ് 2.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഏറ്റുമാനൂരിൽനിന്ന് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, ഭാരവണ്ടികൾ ഒഴികെയുള്ള വാഹനങ്ങൾ അതിരന്പുഴ, മെഡിക്കൽ കോളജ്, ചുങ്കം വഴി കോട്ടയം ടൗണിലെത്തി കടന്നുപോകണം. ഏറ്റുമാനൂർ ഭാഗത്തു നിന്നുള്ള ഭാരവണ്ടികൾ പേരൂർ കവല , മണർകാട് വഴി തിരിഞ്ഞു പോകണം.
ചങ്ങനാശേരിയിൽ നിന്നു കോട്ടയം ടൗണിൽ പ്രവേശിച്ചു പോകേണ്ട ഭാരവണ്ടികൾ ചിങ്ങവനം, ദിവാൻകവല വഴി തിരിഞ്ഞു പോകേണ്ടതാണ്. ഇവർ കോട്ടയം ടൗണിൽ പ്രവേശിക്കാൻ പാടില്ല. കുമരകം, പരിപ്പ് ഭാഗങ്ങളിൽ നിന്നുള്ള ബസ് സർവീസ് വൈകുന്നേരം ആറിനു ശേഷം കുറേ സമയം നാഗന്പടത്തേക്ക് വിടില്ല.
ബിജെപിയുടെ ജനരക്ഷാ യാത്ര ഏറ്റുമാനൂരിൽ നിന്ന് വന്ന് ബേക്കർ ജംഗ്ഷൻ, ശാസ്ത്രി റോഡ് വഴിയാണ് നാഗന്പടത്തേക്ക് പോകുന്നത്. ഈ സമയത്ത് ടൗണിൽ മറ്റു വാഹനങ്ങൾ അനുവദിച്ചാൽ കൂടുതൽ കുരുക്കുണ്ടാകുമെന്നതിനാലാണ് കുമരകം, പരിപ്പ് ഭാഗങ്ങളിൽ നിന്നുള്ള ബസ് സർവീസ് നാഗന്പടത്തേക്ക് വിടാത്തത്. ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുള്ള മറ്റ് മേഖലകളിൽ സന്ദർഭത്തിനനുസരിച്ചുള്ള നിയന്ത്രണം ഇതിനു പുറമേ വേണ്ടിവരുമെന്നും പോലീസ് അറിയിച്ചു.