സ്വന്തം ലേഖകൻ
തൃശൂർ: അന്ധവിശ്വാസങ്ങളെ ശാസ്ത്രസത്യങ്ങളാക്കി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ 42-ാം വകുപ്പ് ഭേദഗതിയിലൂടെ ശാസ്ത്രബോധം മൗലികാവകാശമാക്കി മാറ്റിയത് എന്തിനാണെന്നു തിരിച്ചറിയാത്തവർ ഇപ്പോഴും ഉണ്ടെന്നുള്ളതാണ് അന്പരപ്പുണ്ടാക്കുന്നത്.
പീച്ചി കേരള വനം ഗവേഷണ കേന്ദ്രത്തിൽ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുഴു ഓക്സിജൻ നല്കുന്ന ജീവിയാണെന്നും, ഗണപതി പ്ലാസ്റ്റിക് സർജറിയുടെ തെളിവാണെന്നും, കർണൻ ജനറ്റിക് സയൻസിന്റെ പ്രതീകമാണെന്നുമൊക്കെയാണ് ഭരണഘടനയ്ക്കു സംരക്ഷണം നല്കേണ്ട ഉത്തരവാദപ്പെട്ടവർതന്നെ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രസ്താവനകൾ ജനങ്ങളെ വഴിതെറ്റിക്കുന്നവയാണ്.
നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്കു ശാസ്ത്ര സാങ്കേതിക വിദ്യ വഴി ഉത്തരം കണ്ടെത്തണം. ഇതാണ് ശാസ്ത്ര സമൂഹത്തിന്റെ പ്രധാന ചുമതല. ഇതിനായി അത്യാധുനിക ഉപകരണങ്ങളും മറ്റും നല്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
സാന്പത്തിക പരിമതിയുണ്ടെങ്കിലും പുതിയ കേരളം ഉയർത്താനുള്ള ശ്രമത്തിനു ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവിയിൽ പ്രളയം പോലുള്ള കെടുതിയിൽനിന്നു രക്ഷിക്കാൻ ശാസ്ത്ര സാങ്കേതിക വിഭാഗം തയാറാകണം.
പ്രളയത്തിനുശേഷം പല കിണറുകളിലെയും വെള്ളം കുടിക്കാൻ പറ്റാതായി മാറി. സെപ്റ്റിക് ടാങ്കിന്റെ മുകളിൽ ഇരിക്കുന്ന പോലുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. വെള്ളത്തിന്റെ ശുദ്ധി നിലനിർത്താനുള്ള സംവിധാനങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കെ.രാജൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സി.എൻ.ജയദേവൻ എംപി മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി.ദത്തൻ, പഞ്ചായത്ത് പ്രസിഡന്റ് അനിത വാസു, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിൽ മെന്പർ സെക്രട്ടറി ഡോ. എസ്.പ്രദീപ്കുമാർ, കെഎഫ്ആർഐ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, ജില്ലാ പഞ്ചായത്തംഗം ലില്ലി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.സി.സുജിത്, പഞ്ചായത്തംഗം ബാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഡോ. ആർ.ജയരാജ് പദ്ധതി അവതരണം നടത്തി.
മണ്ണിലെ ധാതുക്കൾ, കീടനാശിനി സാന്നിധ്യം, സസ്യങ്ങളിൽനിന്നുള്ള ജൈവ തന്മാത്രകൾ, ജലത്തിന്റെ ഗുണനിലവാരം തുടങ്ങിയ വിവിധ സൂചകങ്ങളുടെ സൂക്ഷ്മവിശകലനം കൃത്യതയോടെ സാധ്യമാക്കുന്ന ഉപകരണങ്ങളാണ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ കേന്ദ്രത്തിൽ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി.