തിരുവനന്തപുരം: സിപിഎം ഓഫീസ് റെയ്ഡ് നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ സമൂഹത്തിന്റെ പലഭാഗങ്ങളിലും ശ്രമം നടക്കുന്നുണ്ടെന്നും ആ ശ്രമത്തിന്റെ ഭാഗമാണ് സിപിഎം ഓഫീസിൽ നടന്ന റെയ്ഡെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
പാർട്ടി ഓഫീസുകളിൽ സാധാരണ റെയ്ഡ് നടക്കാറില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. സാധാരണനിലയിൽ അന്വേഷണങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സഹകരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്ത, വിഷയത്തിൽ അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചൈത്ര നിർവഹിച്ചത് അവരുടെ ജോലിമാത്രമാണെന്നും എങ്കിലും എസ്പി കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നുവെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. പാർട്ടി ഓഫീസിൽ അനധികൃതമായി റെയ്ഡ് നടത്തിയെന്ന സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡിസിപിക്കെതിരേ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തിരുന്നു. സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ചൈത്രയെ ഡിസിപി ചുമതലകളില്‍ നിന്ന് ഒഴിവാക്കി വനിതാ സെല്ലിലേക്ക് തിരിച്ചയച്ചത് വിവാദമായിരുന്നു.