ആലപ്പുഴ: രണ്ട് വോട്ടിനും നാല് സീറ്റിനുമായി വർഗീയതയ്ക്ക് മുന്നിൽ അടിയറവ് പറയുന്നത് വലിയവിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയുടെ അനുയായികളെന്ന് പറഞ്ഞ് നടക്കുന്നവർ പോലും സാമ്രാജ്യത്വ അനുകൂലകരായി. ഗാന്ധിജിയുടെ ആശയങ്ങളുമായി നടന്ന ഒട്ടേറെ പ്രമാണിമാർ വർഗീയ സംഘടനയുടെ ഭാഗമാകാനുള്ളതിന്റെ കാരണം ആശയത്തിൽ വ്യക്തതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എസ്എൽപുരം ഗാന്ധിസ്മാരക ഗ്രാമ സേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ഗാന്ധിജിയെ തിരുത്താൻ വ്യഗ്രതപ്പെടുന്നവരുടെ കാലമാണിത്.
കൊല്ലപ്പെട്ടവൻ മഹാനായാലും കൊലചെയ്യുന്നവൻ ചീത്തയാളല്ല എന്ന നിലപാടാണ് ഗാന്ധിജിയുടെ ഘാതകനായ ഗോഡ്സെയെ മഹത്വത്കരിക്കുന്നവർക്കുള്ളത്. കേന്ദ്രസർക്കാർ സ്ഥാപനത്തിലെ ഡയറിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റിയത് ആസൂത്രിതമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് പോലും ഗാന്ധിജിയേയും നെഹ്റുവിനെയും ഒഴിവാക്കുന്നു. പലതും വളച്ചൊടിക്കുന്നു. ഗാന്ധിയൻ മൂല്യങ്ങൾ കാറ്റിൽ പറത്തുകയാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇറക്കുമതി ഉദാരവത്കരിച്ചപ്പോൾ രാജ്യത്ത് സ്വന്തമായി ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ പോലും അന്യരാജ്യങ്ങളിൽ നിന്ന് വരുന്നുണ്ട്. രാജ്യത്തിന്റെ സന്പത്ത് ഘടന ബഹുരാഷ്ട്രകുത്തകൾക്ക് തുറന്നിട്ടിരിക്കുകയാണ്. രാജ്യത്ത് എന്ത് നടപ്പിലാക്കിയാലും അതിന്റെപ്രയോജനം ദരിദ്രർക്ക് ലഭിക്കണമെന്നാണ് ഗാന്ധിയൻ ദർശനം. എന്നാൽഇപ്പോഴുള്ള കേന്ദ്ര തീരുമാനങ്ങൾ എല്ലാം ജനവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിജി ഉയർത്തിപ്പിടിച്ച സ്വാശ്രയത്വം, സ്വാതന്ത്ര്യം എന്നിവയെ ഈ സർക്കാർ മാനിക്കുന്നു. ഗാന്ധിസേവ കേന്ദ്രവും അതാണ് ഉയർത്തിപ്പിടിക്കുന്നത്. അത് പ്രചരിപ്പിക്കുന്നതിൽ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. രക്തസാക്ഷിത്വത്തിന്റെ എഴുപതാം വർഷം സമുചിതമായി ആചരിക്കാനും പ്രചരിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി പറഞ്ഞു.
എ.എം.ആരിഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി.ജഗദീശൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാർ, കയർ കോർപ്പറേഷൻ ചെയർമാൻ ആർ.നാസർ, ഗാന്ധി സ്മാക ഗ്രാമ സേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കൽ, സെക്രട്ടറി രമാ രവീന്ദ്രമേനോൻ എന്നിവർ പ്രസംഗിച