കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പിന്നാലെ ചൈനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. ചൈനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പിണറായി പറഞ്ഞു.
അമേരിക്കയ്ക്ക് എതിരായ ശക്തിയായി ചൈന ഉയരുന്നുണ്ട്. ഇതാണ് ചൈനയെ തകർക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെ കാരണമെന്നും അമേരിക്കയ്ക്ക് എതിരായി മറ്റ് രാഷ്ട്രങ്ങളുടെ പ്രതിരോധം ഉയർന്നു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാന്പത്തിക രംഗത്ത് വൻ തോതിൽ മുന്നേറുന്ന ചൈനയുടെ ജിഡിപി വളർച്ച ഏഴ് ശതമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചേരിചേരാ നയം അട്ടിമറിച്ച് ഇന്ത്യ അമേരിക്കയ്ക്ക് പിന്തുണ നൽകുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
നേരത്തെ, ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്ന കോടിയേരിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയ നടപ്പിലാക്കുന്നതിനുള്ള ധീരമായ നടപടികളാണ് ചൈന കൈക്കൊള്ളുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.