കൊച്ചി: സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരസ്യമായി മറുപടി പറയുന്നതിനു പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. സിപിഐയുടെ പല നിലപാടുകളും അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾക്കു സംസ്ഥാന കമ്മിറ്റിക്കു വേണ്ടി മറുപടി നൽകുകയായിരുന്നു പിണറായി.
ഭിന്നതയുള്ള വിഷയങ്ങളിൽ സിപിഐയുമായി നേരിട്ടു നടത്തുന്ന ചർച്ചകളിലോ മുന്നണിയിലോ മാത്രമേ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നു പിണറായി വിശദീകരിച്ചു. സിപിഐയുമായുള്ള ബന്ധം ദുരന്തമായി തീരുന്നുവെന്നുവരെ പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളിൽ വിമർശനമുയരുന്ന സാഹചര്യത്തിലാണു പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പാർട്ടിയുടെ അടവുനയത്തിന്റെ കാര്യത്തിൽ പാർട്ടി കോണ്ഗ്രസോടെ വ്യക്തത കൈവരും. യുപിഎ സർക്കാരിനു പാർട്ടി പിന്തുണ നൽകിയതാണ്. കോണ്ഗ്രസ് നവലിബറൽ നയങ്ങളിൽ മുറുകെ പിടിച്ചതുകൊണ്ടാണു പിന്തുണ പിൻവലിക്കേണ്ടി വന്നത്. അതേ നിലപാടുതന്നെ കോണ്ഗ്രസ് പിൻതുടരുന്ന സാഹചര്യത്തിൽ ആ പാർട്ടിയുമായി എന്തെങ്കിലും കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കാതെ വരും. ഇക്കാര്യത്തിൽ പാർട്ടി കോണ്ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിക്കും. അതോടെ ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കപ്പെടുമെന്നും പിണറായി ചൂണ്ടിക്കാട്ടി.
സർക്കാർ സമയാസമയങ്ങളിൽ കൃത്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോകുകയാണ്. ഓഖി ദുരന്തത്തിന്റെ കാര്യത്തിലും കെഎസ്ആർടിസി പെൻഷൻകാരുടെ കാര്യത്തിലുമൊക്കെ സർക്കാർ ആകാവുന്നതൊക്കെ ചെയ്തതാണ്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾക്കു മറുപടിയായി പിണറായി വിശദീകരിച്ചു.
വിഭാഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജില്ലയിലെ പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. വിഭാഗീയതയുടെ പേരിൽ മുതിർന്ന നേതാക്കളെ അപമാനപ്പെടുത്തുന്ന തരത്തിലെ പ്രവർത്തനങ്ങൾ മുൻപ് ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇനിയും അത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും രണ്ടു മണിക്കുറോളം നീണ്ട മറുപടി പ്രസംഗത്തിൽപിണറായി വിജയൻ പറഞ്ഞു.
വിഭാഗീയത പൂർണമായും ഒഴിവാക്കി കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ ജില്ലയിലെ പഴയ കരുത്തിലേക്ക് പാർട്ടിക്കു മടങ്ങിയെത്താൻ സാധിക്കുമെന്നു ജില്ല കമ്മിറ്റിക്കു വേണ്ടി മറുപടി പറഞ്ഞ ജില്ല സെക്രട്ടറി പി. രാജീവും ചൂണ്ടിക്കാട്ടി. പൊതുചർച്ച ഇന്നലെ ഉച്ചവരെ തുടർന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇന്നലേയും വിമർശനങ്ങളുയർന്നു. തോമസ് ചാണ്ടിക്കു ലഭിച്ച പരിഗണന ഇ.പി. ജയരാജനു ലഭിച്ചില്ല എന്നതടക്കമുള്ള വിമർശനങ്ങളുമുണ്ടായി.