തലശേരി: മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ സൗമ്യ ഒടുവിൽ സ്വന്തം ജീവനും അവസാനിപ്പിച്ചു. ദുരൂഹതകളൾ നിറഞ്ഞ കൊലപാതകങ്ങൾ പോലെ തന്നെ നാടകീയമായാണു സൗമ്യയുടെ മരണവും. അച്ഛൻ പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ(76), അമ്മ കമല (65), മകൾ ഐശ്വര്യ(എട്ട്) എന്നിവരെ ഭക്ഷണത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയാണ് ഒടുവിൽ ജീവനൊടുക്കിയത്.
മൂന്നു കൊലക്കേസുകളുടെയും കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ച പിന്നിടുന്പോഴാണു റിമാൻഡ് തടവുകാരിയായ പിണറായി പടന്നക്കരയിലെ വണ്ണത്താൻ വീട്ടിൽ സൗമ്യ വനിതാ ജയിലിനുള്ളിൽ ജീവനൊടുക്കിയത്. അറസ്റ്റ് നടന്ന് 90 ദിവസം തികയുന്ന ദിനത്തിൽ മാതാവ് കമലയെ കൊന്ന കേസിലെ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
കഴിഞ്ഞ 14നാണ് മറ്റ് രണ്ടു കൊലക്കേസുകളുടെയും കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്. റിമാൻഡിലിരിക്കെ തയ്യൽ ജോലിയുൾപ്പെടെയുള്ള ജോലിയിൽ മുഴുകുകയും മാതാപിതാക്കളെയും മകളെയും കൊന്നതെന്നു താനല്ലെന്നു സഹതടവുകാരോടും ജയിൽ അധികൃതരോടും ആവർത്തിച്ചു പറയുകയും ചെയ്തിരുന്നു.
എന്നെങ്കിലും സത്യം തെളിയുമെന്നും സൗമ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യാ വിവരം ഞെട്ടലോടെയാണു നാട്ടുകാർ കേട്ടത്. കുറ്റപത്രത്തിൽ കൊലപാതകത്തിൽ സൗമ്യയ്ക്കു മാത്രമാണു പങ്കുള്ളതായി വിവരിക്കുന്നത്. മറ്റാർക്കും സംഭവത്തിൽ പങ്കുള്ളതായി കുറ്റപത്രത്തിലില്ല.
സൗമ്യയുടെ അഞ്ച് മൊബൈൽ ഫോണുകളിൽ നിന്നും ശേഖരിച്ച ഫോൺ സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളുമുൾപ്പെടെ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പൂർത്തിയാക്കിയിരുന്നു. ഫോൺ രേഖകളിൽ നിന്നും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുള്ളതായി വ്യക്തമാക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല.