കാലത്തിനൊപ്പം മാറണം, എന്നാല്‍ ഭാഷയും തനിമയും മറന്നുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

fb-pinarai

കൊച്ചി: കാലം മാറുന്നതിനനുസരിച്ചുള്ള തയാറെടുപ്പ് നമുക്കു വേണമെന്നും എന്നാല്‍ നമ്മുടെ വളര്‍ച്ച മാതൃഭാഷയും തനിമയും മറന്നുകൊണ്ടുള്ളതാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് കാമ്പസ് ശിലാസ്ഥാപനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസരീതിയുടെ ഭാഗമായി നാടിന്റെ തനിമ ഉള്‍ക്കൊള്ളാതെയാണ് ചെറുപ്പക്കാര്‍ വളരുന്നത്. ഇത് പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരംഗത്തിന്റെ ശാപമാണിത്.

അതുകൊണ്ടു തന്നെ മുതിര്‍ന്നവരെ വായിക്കാന്‍ പഠിപ്പിക്കുന്നതിനു വരെ പുതിയ സംരംഭങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് പല കേന്ദ്രങ്ങളിലും തെറ്റായ രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ പണിമുടക്കും ഹര്‍ത്താലും നിക്ഷേപകര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളും ഉപദേശങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് വിജയഗാഥ രചിച്ച ഐബിഎസിനെയും സ്ഥാപകന്‍ വി.കെ. മാത്യൂസിനെയും അദ്ദേഹം അഭിനന്ദിച്ചു.

പുതിയ ആശയങ്ങളും പുതിയ സംരംഭങ്ങളും സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത് അഭിനന്ദനാര്‍ഹമാണെന്നും പുതിയ നിക്ഷേപകസംരംഭങ്ങള്‍ക്കായി 300 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ വകയിരുത്തിയിട്ടുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ്, മുന്‍ എംപി പി. രാജീവ്, ഐബിഎസ് സിഇഒ രാജീവ് ഷാ, വൈസ് ചെയര്‍മാന്‍ രാജേഷ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിനുശേഷം ഐബിഎസിന്റെ കേരളത്തിലെ രണ്ടാമത്തെ കാമ്പസാണ് ഇന്‍ഫോപാര്‍ക്കിലേത്. അഞ്ച് എക്കറിലായി ആറുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഈ സമുച്ചയം പൂര്‍ത്തിയാക്കുമ്പോള്‍ 6000 പേര്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. പരിസ്ഥിതി സൗഹാര്‍ദ്ദരീതിയില്‍ നിര്‍മിക്കുന്ന കൊച്ചിയിലെ കാമ്പസിന്റെ ആദ്യഘട്ടം 2019 എപ്രിലില്‍ പൂര്‍ത്തിയാകും.

Related posts