കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജെഡിടി ഇസ്ലാം ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ നടന്ന ഭിന്നശേഷി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് വിതരണ മെഗാ ക്യാന്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ സര്‍ക്കാര്‍ സദാജാഗരൂകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്കായി വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ശതമാനവും തൊഴില്‍ മേഖലയില്‍ നാല് ശതമാനവും സംവരണം ഏര്‍പ്പെടുത്തും. കേന്ദ്ര-സംസ്ഥാന പദ്ധതികളടക്കം ഇവര്‍ക്കായി 250 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. പോഷകാഹാരം, പുനരധിവാസം,പെന്ഷന്, വിദ്യാഭ്യാസം, തൊഴില്‍ എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. സംസ്ഥാനമാകെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളില്‍ റാന്പ്, ലിഫ്റ്റ് , വില്‍ചെയര്‍ സൗകര്യങ്ങള്‍ നടപ്പിലാക്കും. കൂടാതെ ഇവര്‍ക്കായി പ്രത്യേകം ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് സൗകര്യം എന്നിവ ഒരുക്കും.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സര്‍വവിധ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള 2404 മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളും 747 ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകളും മെഗാ ക്യാന്പില്‍ വിതരണം ചെയ്തു.തൊഴില്‍-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.