കൂത്തുപറമ്പ്: ജില്ലയിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വസതിക്കും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ശബരിമല കർമസമിതിയുടെ ഹർത്താലിനെ തുടർന്ന് ജില്ലയിലും പ്രത്യേകിച്ച് തലശേരി മേഖലയിലും ഇപ്പോഴും അക്രമം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിണറായി പാണ്ഡ്യാലമുക്കിലെ വസതിക്കും പരിസരത്തുമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയത്.
നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ വസതിക്ക് പോലീസ് സുരക്ഷ നിലവിലുണ്ടെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. പിണറായി സ്റ്റേഷനിലെ ഒരു എഎസ്ഐയുടെ നേതൃത്വത്തിൽ പതിനഞ്ചോളം പോലീസുകാരാണ് വലിയ പോലീസ് വാഹന സഹിതം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
വസതിയുടെ നാല് ഭാഗവും സ്ഥിരം പോലീസ് നിരീക്ഷണവുമുണ്ടാകും. നേരത്തെ ഒരു പോലീസ് ജീപ്പും നാല് പോലീസ് ഉദ്യോഗസ്ഥരേയും സ്ഥിരമായി മുഖ്യമന്ത്രിയുടെ വസതിക്ക് സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. നേരത്തെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടുന്ന പാണ്ഡ്യാലമുക്ക് പ്രദേശം.
പിണറായിയിൽ സ്റ്റേഷൻ നിലവിൽ വന്നതോടെ പാണ്ഡ്യാലമുക്കും പിണറായി സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. രണ്ട് വർഷം മുമ്പ് മുഖ്യമന്ത്രിയുടെ വസതിക്ക് പരിസരം വെച്ച് ആയുധവുമായി വടകര സ്വദേശിയായ മധ്യവയസ്കൻ പോലീസിന്റെ പിടിയിലായ സംഭവവും ഉണ്ടായിരുന്നു. ഈയിടെ ഇയാൾ മരണപ്പെട്ടതിനാൽ ഇതു സംബന്ധിച്ച കോടതിയിലെ കേസ് നടപടികളും അവസാനിപ്പിക്കുകയായിരുന്നു.
ഹർത്താലിനെ തുടർന്ന് പിണറായി, കതിരൂർ, കൂത്തുപറമ്പ് മേഖലകളിൽ കാര്യമായ അക്രമ അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.