തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗം. പത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടുകളെ സിപിഐ രൂക്ഷമായി വിമർശിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കില്ലെന്നു പറയുന്ന മഹാരഥൻമാർ ചരിത്രമറിയണമെന്നും ചരിത്രം ഉൾക്കൊള്ളാത്തവരെ കാത്തിരിക്കുന്നത് ചവറ്റുകുട്ടകളാണെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയെ വിമർശിച്ച പന്ന്യൻ രവീന്ദ്രനു മറുപടി നൽകാത്ത നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാൽ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കുമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു. സർ സിപിയാണ് ശരിയെങ്കിൽ പുന്നപ്ര-വയലാർ രക്തസാക്ഷികൾക്ക് എന്തു പ്രസക്തിയാണുള്ളതെന്നും ലേഖനം ചോദിക്കുന്നു.
ലോ അക്കാഡമിക്ക് കൃഷിമന്ത്രിയായിരുന്ന എം.എൻ.ഗോവിന്ദൻ നായർ സർക്കാർ നിയന്ത്രണമുള്ള ട്രസ്റ്റിന് ഉദ്ദേശകാരണങ്ങൾ വിശദീകരിച്ചു നൽകിയ ഭൂമി, കുടുംബസ്വത്തായതും ആ ഭൂമിയിൽ അനധികൃതനിർമാണങ്ങൾ നടത്തിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ നൽകിയ പരാതിയിൽ റവന്യു വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിൽ സർ സിപി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അനൗചിത്യമായിപ്പോയി.
റവന്യു വകുപ്പെന്താ പിണറായി സർക്കാരിന്റെ ഭാഗമല്ലേ എന്ന ചോദ്യം സംഗതമാവുന്നതും ഇവിടെയാണ്. സർ സിപിയുടെ ഏകാധിപത്യ വാഴ്ചയിലെ തെറ്റുകൾ വൈകിയായാലും തിരുത്താൻ നിമിത്തമായത് ലോ അക്കാദമിയിലെ വിദ്യാർഥിസമരമാണ്. അതിനുപകരം സിപിയുടെ തെറ്റുതിരുത്തില്ലെന്ന ചിലരുടെ വാശിയെ അപലപനീയവും ഗർഹണീയവുമായാണ് പൊതു സമൂഹം കാണുന്നത്- മുഖപത്രത്തിൽ എഴുതുന്നു.
സമരം തീർക്കാൻ ബാധ്യസ്ഥനായ വിദ്യാഭ്യാസ മന്ത്രി സമരസമിതിനേതാക്കളായ വിദ്യാർഥികളുടെയും മാനേജ്മെന്റിന്റെയും യോഗത്തിൽ കൈക്കൊണ്ട നിലപാട് മാനേജ്മെന്റിന്റെയും ഒറ്റുകാരായ എസ്എഫ്ഐയുടെയും മെഗാഫോണ് പോലെയായതു നിർഭാഗ്യകരമാണ്.
താൻ വിളിച്ചുകൂട്ടിയ യോഗത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ കയർത്ത് ഇറങ്ങിപ്പോയതിനെ അതിനിശിതമായി വിമർശിച്ച സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രനു മറുപടി നൽകാതെ ന്ധമിണ്ടാട്ടമില്ല, മൃതരോ ഇവരെന്നു തോന്നും’ എന്ന നിലപാടെടുക്കുന്നതിനെ വാഴപ്പിണ്ടി നട്ടെല്ലെന്ന് വിശേഷിപ്പിച്ചാൽ വാഴപ്പിണ്ടിപോലും പ്രതിഷേധിക്കും, മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.
നിയമകലാലയം സർക്കാർ നിയന്ത്രണത്തോടെ നടത്താൻ നൽകിയ ഭൂമി ഒരു തറവാട്ടുസ്വത്താക്കുക, അതിന്റെ ഒരരകിൽ ഒരു നിയമവിരുദ്ധ കലാലയം സ്ഥാപിക്കുക, ബാക്കി ഭൂമിയിൽ തറവാടുഭവനങ്ങൾ പണിയുക പിന്നെ വില്ലാശിപായി നാണുപിള്ള സ്മാരക തട്ടുകട, പാർവത്യാർ പപ്പുപിള്ള വിലാസം പുട്ടുകട, ലക്ഷ്മിക്കുട്ടി വിലാസം പാചകസർവകലാശാല, കൈരളി ബ്യൂട്ടി പാർലർ ആൻഡ് തിരുമൽ കേന്ദ്രം എന്നിവ തുടങ്ങുക ഇതെല്ലാം അനുവദിക്കാൻ കേരളമെന്താ ഒരു ബനാനാ റിപ്പബ്ലിക് ആണോ?.
‘ഞാനും ഞാനും എന്റെ നാൽപതുപേരും’ എന്ന ഒരു മാടന്പി കുടുംബത്തിന്റെ പൂമരപ്പാട്ടിനൊത്തു താളം തുള്ളുന്നവർ കാലത്തിനും സമൂഹത്തിനും മുന്നിൽ കഥാവശേഷരാകുമെന്ന് ഓർക്കണമെന്നും ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാത്തവർക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകൾ കാത്തിരിക്കുന്നുവെന്നത് ആരും മറക്കരുതെന്നും ലേഖനത്തിൽ ഓർമിപ്പിക്കുന്നു.