കണ്ണൂര്‍: ജീവനക്കാര്‍ക്കു കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യവും നല്കാന് കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേറെ പണി നോക്കണമെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി കെ. സുരേന്ദ്രന്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ കണ്ണൂര്‍ ഡിപ്പോയിലെ ഡിടിഒ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കുന്നവര്‍ക്ക് അത് കൃത്യമായി നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനു കഴിയില്ല. എന്തെങ്കിലും കാരണം കൊണ്ട് ഒരാഴ്ച ഏതെങ്കിലും സ്ഥാപനത്തിലെ കൂലി വിതരണം തടസപ്പെട്ടാല്‍ കൊടി കുത്തി സ്ഥാപനം പൂട്ടിപ്പിക്കുന്ന സിഐടിയു കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണ്. പാര്‍ട്ടിയുടെയും സംഘടനയുടെയും കള്ളപ്പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ സിഐടിയു എന്നും സുരേന്ദ്രന് ആരോപിച്ചു. കെഎസ്ആര്‍ടിസി ബസ് ഫണ്ടിലേക്ക് സംഭാവന എന്ന പേരില്‍ ജീവനക്കാരില്‍നിന്നും സിഐടിയു 500 രൂപ വീതം പിരിച്ചെടുക്കുകയാണ്.
ഇത് യഥാര്‍ഥത്തില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമാണെന്നും സുരേന്ദ്രന് ആരോപിച്ചു. ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് എ.എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രന്, പി. സൂര്യദാസ്, ബേബി ആന്റണി, പി.വി. രവീന്ദ്രനാഥ്, അശോകന്, വി.വി. പ്രകാശ്, ബിജു ജോണ്‍, ജയകുമാര്‍ തൂളിക്കണ്ടി, മോഹന്‍ പന്നിയോടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തലശേരി ഡിപ്പോയില്‍ നടന്ന സമരം വി.എ. നാരായണന് ഉദ്ഘാടനം ചെയ്തു. സി. പ്രേമന്, വി. മനോജ്, കെ.സി. സനല്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നവംബര്‍ മാസത്തിലെ ശമ്പളമാണ് കുടിശികയായിരിക്കുന്നത്. സാധാരണഗതിയില്‍ മാസത്തിന്റെ അവസാന ദിവസമാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം നടത്താറ്. ഇതിനു മുമ്പും ശമ്പള വിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം നടത്തിയപ്പോഴാണ് ശമ്പളം ലഭ്യമാക്കിയത്. ശമ്പളം ഉടന്‍ വിതരണം ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.