തിരുവനന്തപുരം: സംസ്ഥാനത്തു സമ്പൂർണവും സമഗ്രവുമായ ഒരു കായിക നയം രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സ്പോർട്സ് കൗണ്‍സിലിന്റെ ജി.വി. രാജാ കായിക അവാർഡ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനകീയമായ കായിക സംസ്കാരം രൂപപ്പെടുത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തു തന്നെ കായികരംഗത്ത് ഏറ്റവും മുൻപന്തിയിൽ നിലകൊള്ളാവുന്ന സംസ്ഥാനമാണു കേരളം. മുൻകാലങ്ങളിലെ കായികതാരങ്ങളുടെ പ്രകടനങ്ങൾ ഇതു വെളിപ്പെടുത്തുന്നു. കേരളത്തിന്റെ കായിക വളർച്ചയ്ക്ക് അടിത്തറയിട്ട മഹാവ്യക്തിയാണു ജി.വി. രാജ. സംസ്ഥാനത്തിന്റെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹത്തിന്റെ പേരിൽ ഈ അവാർഡ് നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജി.വി. രാജാ വനിതാ വിഭാഗം കായിക അവാർഡ് അന്താരാഷ്ട്ര റോവിംഗ് താരം ഡിറ്റിമോൾ വർഗീസിനും പുരുഷ വിഭാഗം അവാർഡ് ചെസ് താരം എസ്.എൽ. നാരായണനും സമ്മാനിച്ചു. ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അത്ലറ്റിക്സ് പരിശീലകൻ പി.ആർ. പുരുഷോത്തമനും മികച്ച കായിക പരിശീലകനുള്ള അവാർഡ് അത്ലറ്റിക് പരിശീലകൻ പി.ബി. ജയകുമാറും ഏറ്റുവാങ്ങി.
കോളജ് തലത്തിലെ മികച്ച കായികാധ്യാപകനുള്ള പുരസ്കാരം പാലാ സെന്റ് തോമസ് കോളജിലെ ആശിഷ് ജോസഫിനും സ്കൂൾ തലത്തിലെ മികച്ച കായികാധ്യാപകനുള്ള പുരസ്കാരം ഇടുക്കി കാൽവരി മൗണ്ട് ഹൈസ്കൂളിലെ മജു ജോസിനും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള പുരസ്കാരത്തിന് ചങ്ങനാശേരി അസംപ്ഷൻ കോളജും മികച്ച സ്കൂളിനുള്ള പുരസ്കാരം കോതമംഗലം മാർ ബേസിൽ സ്കൂളും അർഹരായി.
മികച്ച സ്പോർട്സ് ജേർണലിസ്റ്റ് പുരസ്കാരം കേരളാ കൗമുദിയിലെ സാംപ്രസാദ് ഡേവിഡിനും ഫോട്ടോഗ്രാഫറിനുള്ള പുരസ്കാരം ദേശാഭിമാനിയിലെ പി.വി സുജിത്തിനും മികച്ച ദൃശ്യമാധ്യമ പരിപാടിയ്ക്കുള്ള അവാർഡ് ഏഷ്യാനെറ്റിലെ ജോബി ജോർജും ഏറ്റുവാങ്ങി. മന്ത്രി എ.സി. മൊയ്തീൻ, വി.എസ്. ശിവകുമാർ എംഎൽഎ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി ദാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.