എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട യൂത്തു കോൺഗ്രസ് പ്രവർത്തകരുടെ വീട് നാളെ സന്ദർശിച്ചേക്കും. മുഖ്യമന്ത്രിയ്ക്ക് നാളെ കാസർഗോഡ് ജില്ലയിൽ രണ്ടു പരിപാടികളുണ്ട്. കാഞ്ഞങ്ങാട് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട ശരത് ലാലിന്റേയും കൃപേഷിന്റേയും പെരിയയിലെ വീടുകളിൽ എത്തുമെന്ന സൂചനയാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്.
മുഖ്യമന്ത്രി സന്ദർശിക്കുന്നതോടെ നിലവിലെ പ്രതിഷേധത്തിന് അൽപം അയവു ലഭിക്കുമെന്ന വിലയിരുത്തൽ സിപിഎം നേതൃത്വത്തിനുമുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷണും തമ്മിൽ കൂടിക്കാഴ്ചയിൽ ചർച്ചയായിരുന്നു.
കൊലപാതകം പ്രദേശികമായി ഉണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാർട്ടിയ്ക്കു ഇതുമായി ഏതൊരു ബന്ധവുമില്ലെന്ന് പിണറായിയും കോടിയേരിയും ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിഷയത്തിൽ കർശന നടപടികളുമായി പോലീസും സർക്കാരും മുന്നോട്ടു പോകുമെന്ന സ്ഥിതിയാണ്.
കൊലപാതക കേസിൽ അറസ്റ്റിലായ പിതാംബരനെ പൂർണമായും പാർട്ടി തള്ളിപ്പറയുകയും പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്നു രാവിലെ യുത്തു കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ സന്ദർശനം നടത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
സർക്കാർ പ്രതിനിധിയായാണ് താൻ എത്തിയതെന്നാണ് അദ്ദേഹം ബന്ധുക്കളെ അറിയിച്ചത്. റവന്യൂ മന്ത്രിക്കെതിരെ വലിയ പ്രതിഷേധങ്ങളൊന്നും അവിടെ ഉണ്ടായതുമില്ല. ഈ സാഹചര്യത്തിൽ നാളെ കാസർഗോഡ് എത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തുമെന്ന കൃത്യമായ സൂചന തന്നെയാണ് ലഭിക്കുന്നത്.
പാർട്ടി നേതൃത്വവുമായും എൽഡിഎഫ് നേതാക്കളുമായി അദ്ദേഹം ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. സന്ദർശനകാര്യത്തിൽ വ്യക്തത ഉടൻ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസും പറയുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മേഖലാ ജാഥ കഴിഞ്ഞ ശേഷം കാസർഗോഡ് എത്തുന്പോൾ കോടിയേരി ബാലകൃഷണനും കൊല്ലപ്പെട്ട യൂത്തു കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ എത്തിയേക്കും.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇരട്ട കൊലപാതകം മുന്നണിയ്ക്ക് ഉണ്ടാക്കാൻ പോകുന്ന ആഘാതം വലുതായിരിക്കുമെന്ന് അറിയാവുന്ന നേതൃത്വം ഈ വിഷയത്തിൽ കരുതലോടെ നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിൽ പാർട്ടിയ്ക്ക് ഒരു പങ്കുമില്ലെന്ന് സിപിഎം നേതൃത്വം ആവർത്തിക്കുന്നത്.