തിരുവനന്തപുരം : ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആകെ 17,42,747 രൂപ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാൽ മോടി പിടിപ്പിക്കുന്നതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ അതിഥി സൽകാരത്തിനായി കമ്മീഷനിൽ നിന്ന് തുകയൊന്നും ചിലവഴിച്ചിട്ടില്ല. 6,605 രൂപ യാത്രാ ബത്ത ഇനത്തിൽ ചെലവഴിച്ചു.
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് പോസ്റ്റുകളിലായി 137 പേരുടെ ഒഴിവുകളുണ്ട്. ഇതിൽ ഐഎഎസിൽ 85 പേരുടെയും ഐപിഎസിൽ സീനിയർ ഡ്യൂട്ടി പോസ്റ്റിലെ 12 ഒഴിവുകൾ ഉൾപ്പെടെ 52 പേരുടെയും ഒഴിവുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പള്ളി, മുല്ലക്കര രത്നാകരൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.