കൊച്ചി: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കോലഞ്ചേരിയിലെത്തിയ മുഖ്യമന്ത്രി രാവിലെ 10 ഓടെയാണ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്.
സംഭവം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ഇത് വളരെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചക്കുശേഷം മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് കുട്ടിയെ സന്ദര്‍ശിക്കും.കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്.ഡോക്ടര്‍മാര്‍ ഇന്ന് രാവിലെയും കുട്ടിയെ സന്ദര്‍ശിച്ചു.
ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നല്കിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ശ്വാസകോശമടക്കമുള്ള ആന്തരീകാവയങ്ങള്‍ മര്‍ദനത്തില്‍ തകര്‍ന്നിട്ടുണ്ട്.കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തന്നെ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശം.