കൊല്ലം: തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാഴാവില്ലെന്നും അതുപോലെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞാണോ നിങ്ങൾ വോട്ട് ചോദിച്ചത് അതെല്ലാം അക്ഷരം പ്രതി സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോളവത്കരണ ഉദാരവത്കരണ നയങ്ങൾക്കെതിരായ ബദൽ നയം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. രാജ്യം ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ എല്ലാം തകർക്കപ്പെടുകയാണ്. ഇൗ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മതനിരപേക്ഷതയാണ്. ഭരണഘടനയിൽ തന്നെ അത് പറയുന്നു. മതനിരപേക്ഷതയോട് തെല്ലും കൂറില്ലാത്ത ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന ബിജെപി ഭരണം മതനിരപേക്ഷത ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
നേരത്തെ മറവിലുള്ള നടപടികളാണ് നടന്നതെങ്കിൽ ഇപ്പോൾ എല്ലാം വെളിച്ചത്തിൽ തന്നെ നടപ്പാക്കാനാണ് ശ്രമം. അതിന്റെ ഭാഗമാണ് കേന്ദ്ര മന്ത്രി അനന്ത്കുമാർ മതനിരപേക്ഷത ഞങ്ങൾ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞത്. എല്ലാമര്യാദകളും ലംഘിച്ചുകൊണ്ട് മത ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയാണ്. ഇത് വലിയ തോതിലുള്ള ആപത്താണ് വരുത്തിവക്കുന്നത്. ദലിത് വിഭാങ്ങൾക്ക് നേരെയും സംഘടിത ആക്രമണങ്ങൾ നടക്കുന്നു. ഒാരോ 18 മിനിട്ടിലും ദലിതർക്കെതിരെ ആക്രമണം നടക്കുന്നു എന്നാണ് കണക്ക്.
ഇതോടൊപ്പം സാമ്പത്തിക രംഗവും താറുമാറാക്കുന്നു. നോട്ട് നിരോധനം നടപ്പാക്കിയേപ്പാൾ പറഞ്ഞത് കള്ളപ്പണത്തിനെതിരൊയ നടപടിയെന്നാണ്. യഥാർഥത്തിൽ അതുകൊണ്ട് കള്ളപ്പണക്കാർക്ക് ഒരു നഷ്ടവുമുണ്ടായില്ല. അതിെൻറ പിന്നാലെ ജിഎസ്ടി കൊണ്ടുവന്നു. കേന്ദ്രീകൃത നികുതി നടപ്പാക്കും മുമ്പ് മുന്നൊരുക്കങ്ങൾ നടത്തേണ്ടിയിരുന്നു. അതുണ്ടായില്ല. ഇപ്പോൾ രാജ്യത്തിന്റെ വളർച്ചാനിരക്ക് കുറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ വികസന തോതിന് തടസം വന്നിരിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്നു. ഇതെല്ലാത്തിനും ഇടയാക്കിയത് കേന്ദ്ര സർക്കാറിന്റെ തെറ്റായ നടപകളാണ്.സർക്കാറിന് നേരിടേണ്ടി വന്ന വലിയ ദുരന്തമാണ് ഒാഖി ചുഴലിക്കാറ്റ് നിമിത്തം ഉണ്ടായത്. അത്തരം ഒരറിയിപ്പ് കിട്ടിയ ഉടനെ തന്നെ ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു. പക്ഷേ നമ്മുടെ ഒക്കെ നിയന്ത്രണത്തിന് അപ്പുറമുള്ള തരത്തിലാണ് ദുരിതങ്ങൾ സംഭവിച്ചത്. ഇക്കാര്യത്തിൽ നല്ല നിലയിൽ തന്നെ പ്രവർത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികൾക്ക് കഴിഞ്ഞിരുന്നു.
ദുരന്തം ഏറെ ബാധിച്ച തിരുവനന്തപുരത്തെ തീരത്ത് മന്ത്രിമാരായ മെഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എത്തി എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയിരുന്നുവെന്നും പിണറായി പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.എം മണി, ജെ. മെഴ്സികുട്ടിയമ്മ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, പി.കെ ഗുരുദാസൻ, രാജ്യസഭാ എംപി സോമപ്രസാദ്, മുൻ ജില്ലാ സെക്രട്ടറി, കെ. രാജഗോപാൽ, എം.എൽ.എമാരായ െഎഷാപോറ്റി, എം. മുകേഷ്, എം.നൗഷാദ്, ജില്ലാകമ്മിറ്റി അംഗങ്ങൾ എന്നിവർ പെങ്കടുത്തു.