കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും പോലീസ് സ്റ്റേഷനിൽ വന്ന് ധൈര്യമായി പരാതി പറയാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് സ്ത്രീ സുരക്ഷാ സംരംഭം പിങ്ക് പട്രോളിംഗ് ജില്ലാതല സംവിധാനവും കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ ’കോർപറേറ്റ് ഡിസഷൻസ്’ പുസ്തക പ്രകാശനം, ജില്ലാ പോലീസിന്റെ നിർധന രോഗികൾക്കുള്ള ചികിത്സാ പദ്ധതി ’ആതുരമിത്രം’ ധനസഹായ വിതരണവും കണ്ണൂർ എ.ആർ ക്യാന്പ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതി പറയാനുള്ള സാഹചര്യം പോലീസ് സ്റ്റേഷനുകളിൽ ഉണ്ടാകണം. പരാതിക്കാരെ നല്ലരീതിയിൽ സ്വീകരിക്കുകയും ഉചിതമായ നടപടിയും സ്വീകരിക്കണം. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തകളാണ് ദിനംപ്രതി വരുന്നത്. ഒരുവാർത്ത വന്നുകഴിഞ്ഞാൽ കുറച്ചുസമയം കൊണ്ടു സമൂഹം മറക്കുന്നു.
പീഡിപ്പിക്കുന്നവർക്ക് നല്ല രീതിയിൽ കൗണ്സിലിംഗ് നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചില ദൃശ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന അത്യന്തം വികലമായ ചിന്തകൾ, മദ്യം, മയക്കുമരുന്ന് ഇവയൊക്കെ സ്ത്രീ പീഡനങ്ങളിലേക്ക് നയിക്കുന്നു. പരാതിയുമായി സ്റ്റേഷനിൽ എത്തിയാൽ നിയമപാലകരുടെ വക മാനസിക പീഡനം.
ഇത്തരം വിഷയങ്ങൾ കരുതലോടെ പോലീസ് കൈകാര്യം ചെയ്യണം. ഇങ്ങനെ ചെയ്യാത്ത ചിലരെങ്കിലും പോലീസ് സേനയിലുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും നേരേയുള്ള അക്രമം വലിയ ഉത്തരവാദിത്വത്തോടെ നിർവഹിക്കാനാണ് സർക്കാർ തീരുമാനം. എൽഡിഎഫിന്റെ പ്രകടന പത്രികയിലുള്ളതാണ് സ്ത്രീകൾക്കും കുട്ടികൾക്കും പൂർണസംരക്ഷണം നൽകണമെന്നത്.
പിങ്ക് പെട്രോളിംഗ് സംസ്ഥാന വ്യാപകമായി സൗകര്യം ഒരുക്കും. രണ്ടു സ്വിഫ്റ്റ് ഡിസൈർ കാറുകളിലായി 24 മണിക്കൂർ സേവനം ലഭിക്കുന്ന രീതിയിലാണ് പിങ്ക് പട്രോളിംഗ് ഒരുക്കിയിട്ടുള്ളത്. 22 വനിതാ പോലീസുകാരെ പുതുതായി ഇതിനായി നിയമിച്ചിട്ടുണ്ട്. കണ്ണൂർ, തലശേരി എന്നിവിടങ്ങളിൽ ഇത്തരം സംവിധാനം ലഭിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ഏതുസമയത്തും വിളിക്കാം. 1515 എന്ന ഫോണ് നന്പറിലാണ് വിളിക്കേണ്ടത്.
സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നവർക്ക് ഒരു വിട്ടുവീഴ്ചയും പാടില്ല. അവർക്കെതിരേ നടപടി ഉറപ്പിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹത്തിൽ സ്ത്രീകളെ അവഗണിച്ച് കൊണ്ട് പുരോഗതിയിലേക്ക് പോകാൻ സാധിക്കില്ല. സ്ത്രീകളെ അവഗണിച്ചാൽ പുരോഗതി അവതാളത്തിലാകും.
പോലീസുകാരുടെ ശന്പളത്തിൽ നിന്നും 100 രൂപ നൽകി നിർധന രോഗികൾക്കുള്ള ചികിത്സാ പദ്ധതി ആതുരമിത്രം മാതൃകാപരമാണ്. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ പുസ്തകം വായിച്ചില്ല. എന്തായാലും നല്ല ഒരു ഉദ്യമം തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ സംരംഭം പിങ്ക് പട്രോളിംഗ് മുഖ്യമന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു.
ഡിവൈഎസ്പി പി.പി. സദാനന്ദന്റെ കോർപറേറ്റ് ഡിസഷൻസ് പുസ്തകം കണ്ണൂർ സർവകലാശാല ഇക്കണോമിക്് തലവൻ ഡോ. ഗംഗാധരന് നൽകി പിണറായി പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പോലീസ് മേധാവി കെ.പി. ഫിലിപ്പ്, സഞ്ജയ്കുമാർ ഗരുഡ്, കളക്ടർ മിർ മുഹമ്മദലി, പി.പി. ദിവ്യ തുടങ്ങിയവർ പ്രസംഗിച്ചു.