തിരുവനന്തപുരം: ലാവലിൻ അഴിമതിക്കേസിൽ സിബിഐ സുപ്രീംകോടിയിൽ സമർപ്പിച്ച സത്യവാങ്മൂലം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. കോൺഗ്രസും യുഡിഎഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സിബിഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.
ലാവലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണമെന്ന് ചൂണ്ടിക്കാട്ടി സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.വസ്തുതകൾ പരിശോധിക്കാതെയാണ് പിണറായി ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പിണറായിയുടെ കാനഡ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പിട്ടത്. കരാറിലൂടെ കെഎസ്ഇബിക്ക് വൻ നഷ്ടമുണ്ടായി. ലാവലിൻ കന്പനി ലാഭം ഉണ്ടാക്കുകയും ചെയ്തു. കരാറിൽ പിണറായി അറിയാതെ മാറ്റം വരില്ലെന്നും സത്യവാങ്മൂലത്തിൽ സിബിഐ വ്യക്തമാക്കിയിരുന്നു.