തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വാശ്രയ കോളജുകൾ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്നും അബ്കാരി ബിസിനസിനേക്കാൾ ലാഭകരമായി സ്വാശ്രയ കോളജുകൾ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.ആന്റണി സംസ്ഥാനത്ത് സ്വാശ്രയ കോളജുകൾ തുടങ്ങിയത് സദുദ്ദേശത്തോടെയാണ്. എന്നാൽ ഇന്ന് ആന്റണി പോലും സ്വാശ്രയ കോളജുകളുടെ കച്ചവടത്തിനെതിരേ രംഗത്തുവന്നുകഴിഞ്ഞു. മെറിറ്റിന് പ്രാധാന്യം നൽകാതെയാണ് കോളജുകൾ പ്രവർത്തിക്കുന്നതെന്ന് സുപ്രീം കോടതി പോലും നിരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം ഉന്നത നിലവാരത്തിൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. സർക്കാർ സ്കൂളുകളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കും. സർക്കാർ സ്കൂളുകൾ ഹൈടെക് നിലവാരത്തിൽ ഉയർത്തി വിദ്യാഭ്യാസ മേഖല വിപുലീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.