ശബരിമല: സന്നിധാനത്തു തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് സോപാനം, മാളികപ്പുറം, കൊച്ചുകടുത്തസ്വാമി ക്ഷേത്രം, മണിമണ്ഡപം, വാവരുനട എന്നിവിടങ്ങളിലെത്തി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, മാത്യു ടി. തോമസ്, ജോയിസ് ജോര്‍ജ് എംപി, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പതിനെട്ടാംപടിക്കു സമീപത്തെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തെത്തിയ മുഖ്യമന്ത്രി ആദ്യം ഭണ്ഡാരത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് കൊടിമരച്ചുവട്ടിലൂടെ ശ്രീകോവിലിനു മുന്നിലെത്തി.
മണിമണ്ഡപത്തിനു മുന്നിലെത്തിയ മുഖ്യമന്ത്രി അവിടെനിന്ന് ദേവസ്വം ബോര്‍ഡ് പുതിയതായി പണിയുന്ന അന്നദാന മണ്ഡപത്തിന്റെ പുരോഗതി വീക്ഷിച്ചു. കൊച്ചുകടുത്ത സ്വാമി ക്ഷേത്രം, മണിമണ്ഡപം, വാവരുനട എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെത്തി. മാളികപ്പുറത്തും വാവരുനടയിലും പ്രസാദവും സ്വീകരിച്ചു.