എല്ലാം ശരിയാവും മരം നടൂ… വരള്‍ച്ച മുന്നില്‍ കണ്ട് മരം നടണമെന്ന് മുഖ്യമന്ത്രി

fb-pinarai-maram

തൃശൂര്‍: വരള്‍ച്ചയുടെ മുന്നിലെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വെട്ടിനശിപ്പിച്ച മരങ്ങള്‍ക്കു പകരമായി വരുംതലമുറയ്ക്കുവേണ്ടി മരം വച്ചുപിടിപ്പിച്ചേ തീരൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ഐക്യകേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാനവ ഐക്യമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിലങ്ങന്‍കുന്നില്‍ രക്തചന്ദനത്തിന്റെ തൈ നട്ടുപിടിപ്പിച്ചശേഷം ഒരുക്കിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയില്‍ നാം നടത്തിയ കൈയേറ്റത്തിന്റെ ഭാഗമായി വലിയ നാശം ഉണ്ടായിക്കഴിഞ്ഞു. ഒരുപാട് നേട്ടങ്ങള്‍ ഉണ്ടായെങ്കിലും ഈ തകര്‍ച്ച പരിഹരിക്കാനാവാത്തതാണ്. മഴ കുറഞ്ഞതും വെളളത്തിന്റെ അളവ് കുറഞ്ഞതുമെല്ലാം തിരിച്ചറിയണം. പ്രകൃതിയിലെ വലിയ സമ്പത്ത് മരം തന്നെയാണ്. നല്ലൊരു നാടാക്കി മാറ്റിയാവണം അടുത്ത തലമുറയ്ക്ക് ഈ നാടിനെ ഏല്‍പ്പിച്ചുകൊടുക്കേണ്ടത്. ‘നിങ്ങള്‍ മരം നടുമോ’ എന്ന് ഇവിടെ വന്ന കുട്ടികളോടു ചോദിച്ചു, അവര്‍ മരം നടുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ആ മനസാണ് നമുക്കുണ്ടാവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്സംഗ് ഫൗണ്ടേഷന്റെ സ്ഥാപകനായ ശ്രീ എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് വിലങ്ങന്‍കുന്നില്‍ 67 രക്തചന്ദന തൈകള്‍ നട്ട് മാനവ ഐക്യമണ്ഡലം തൃശൂരിലെ പ്രകൃതി സംരക്ഷണ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്. അക്കൂട്ടത്തില്‍ 68–ാമത്തെ രക്തചന്ദന മരമാണ് മുഖ്യമന്ത്രി ഇന്നലെ കുന്നിനു സമര്‍പ്പിച്ചത്. മേയര്‍ അജിത ജയരാജന്‍, അനില്‍ അക്കര എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, കലാമണ്ഡലം ക്ഷേമാവതി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, ബാബു എം. പാലിശേരി, പി.എ. മാധവന്‍, ഡോ.കെ.എസ്. രജിതന്‍, അശോകവനം കണ്‍വീനറും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സി.എ.കൃഷ്ണന്‍, വിലങ്ങന്‍ ട്രെക്കേഴ്‌സ് ഭാരവാഹികളായ സി.കെ.ശങ്കരനാരായണന്‍, സി.സി. പൗലോസ്, എ.സി.ജോണി തുടങ്ങിയവരും സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഔഷധിയുടേയും പ്രഭാതനടത്തക്കാരുടെ കൂട്ടായ്മയായ വിലങ്ങന്‍ ട്രെക്കേഴ്‌സിന്റേയും സഹകരണത്തോടെയാണ് മാനവ ഐക്യ മണ്ഡലം വിലങ്ങനില്‍ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related posts