കണ്ണൂര്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്തത് വിദേശത്തുനിന്നെന്നു സൂചന. ഇതിന്റെ ഉറവിടം കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരെ മുഴുവൻ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ മാസം 30ന് പിണറായിയിൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത ഫോട്ടോയാണ് മോർഫ് ചെയ്തു പ്രചരിപ്പിക്കപ്പെട്ടത്. ഡിജിപി ലോക്നാഥ് ബെഹ്റയടക്കമുള്ള ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് സ്റ്റേഷനിൽവച്ച് മുഖ്യമന്ത്രി ജനറൽ ഡയറിയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം, ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണു കേസ്.
ഫോട്ടോ വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചതിന് മൂന്നുപേരെ കഴിഞ്ഞദിവസം പിണറായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.