തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. ഇതിനു വേണ്ടി പത്തു വർഷത്തെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
വാളയാറിൽ നാലാം ക്ലാസുകാരി മരിച്ച സംഭവത്തിലെ പ്രതികൾക്കെതിരേ പോസ്കോ തയാറാക്കും. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും കെ. മുരളീധരനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്.
വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദി പോലീസാണെന്നും മുരളീധരൻ ആരോപിച്ചു. സ്ത്രീകൾക്കെതിരേ സമീപകാലത്ത് നടന്ന സംഭവങ്ങൾ കേരളത്തിലെ സാമൂഹിക ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്ന് സ്പീക്കർ പറഞ്ഞു.