തൃപ്രയാർ: കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന അക്രമങ്ങൾ ഉന്നതകേന്ദ്രങ്ങളിൽ തീരുമാനിച്ചു നടപ്പാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വ്യത്യസ്ത പ്രദേശങ്ങളിലാണെങ്കിലും ഇവരുടെ ആക്രമണങ്ങൾക്ക് ഏകതാരൂപമുണ്ട്. ഇവർ ആരെയും ആക്രമിക്കും. ഒരു കാര്യവും കാരണവും പറയാനില്ലാതെ ഒരേതരത്തിൽ വ്യത്യസ്ത തലങ്ങളിലാണ് ഇവരുടെ ആക്രമണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ സമാപനം കുറിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കണ്ണൂരിൽ സമാധാനസംഭാഷണം നടത്തിപ്പോയി പിറ്റേദിവസം വേറൊരു സ്ഥലത്ത് ഇതേ അക്രമിസംഘം ഒരു നിരപരാധിയെ വെട്ടിവീഴ്ത്തുകയാണ്. നാടിന്റെ സ്വൈര്യവും സമാധാനവും തകർക്കാനുള്ള നീക്കമാണിത്.
ആർഎസ്എസും ബിജെപിയും അവരുടെ നേതാക്കളും നടത്തുന്നത് കള്ളപ്രചാരണങ്ങളാണ്. അവർ ആക്രമണം നടത്തുക, മറ്റുള്ളവരെ അക്രമികളായി ചിത്രീകരിക്കുക – ഇതാണ് എപ്പോഴും നടത്താറുള്ളത്. വ്യാപകമായി കള്ളം പ്രചരിപ്പിക്കാൻ മിടുക്കന്മാരാണ് ആർഎസ്എസും ബിജെപിയും: മുഖ്യമന്ത്രി കുറ്റപ്പെടുത്തി.നവ ഉദാരവത്കരണം അംഗീകരിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്.
രാജ്യത്തുണ്ടായ കെടുതികൾക്കെല്ലാം കാരണം കോണ്‍ഗ്രസും അതിനു വേഗത കൂട്ടിയ ആർഎസ്എസിന്റെ ബിജെപി സർക്കാരുമാണ്. തെരഞ്ഞെടുപ്പുകാര്യത്തിൽ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതു സിപിഎമ്മിനു ചിന്തിക്കാനേ കഴിയില്ലെന്നു മുഖ്യമന്ത്രി ആവർത്തിച്ചു.ഉത്തരേന്ത്യയിലെ സത്നയിൽ ക്രിസ്മസ് ദിവസം അവിടെ കരോൾ നടത്തിയ പാർട്ടിയെ ആക്രമിച്ചു. ആർഎസ്എസിനും സംഘപരിവാറിനും രാജ്യത്ത് എന്തും ചെയ്യാമെന്ന അവസ്ഥയാണ്.
കരോളിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസുകാർ അവിടത്തെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പോലീസും സംഘപരിവാറും ചേർന്ന് അവരെ മർദിച്ചു. അവരെക്കുറിച്ച് അന്വേഷിക്കാൻചെന്ന വൈദികരെയും ഇവർ മർദിച്ചുവെന്നു പിണറായി ചൂണ്ടിക്കാട്ടി. ജിഎസ്ടിയും നോട്ടുനിരോധനവും വരുത്തിയതുമൂലംജനങ്ങളാകെ അസന്തുഷ്ടരാണ്. ഇതിൽനിന്നും ശ്രദ്ധ തിരിച്ചുവിടുവാൻ ആർഎസ്എസ് എപ്പോഴും കാണുന്ന മാർഗം വർഗീയ സംഘർഷം സൃഷ്ടിക്കലാണെന്നും പിണറായി കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ്, എംഎൽഎമാരായ കെ.വി.അബ്ദുൾ ഖാദർ, ബി.ഡി.ദേവസി, മുരളി പെരുനെല്ലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ.വി.പീതാംബരൻ എന്നിവർ പ്രസംഗിച്ചു. ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള നാട്ടിക ഏരിയ കമ്മിറ്റിയുടെ ഒരുലക്ഷം രൂപ മുഖ്യമന്ത്രിക്കു കൈമാറി. നാട്ടിക ഏരിയാ സെക്രട്ടറി പി.എം.അഹമ്മദ് സ്വാഗതം പറഞ്ഞു.