പത്തനംതിട്ട: നോക്കുകൂലി പരാതികളിൽ മുഖംനോക്കാതെ നടപടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം സിഐടിയു സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. നോക്കുകൂലി നിരോധന ഉത്തരവിനെ സിഐടിയു സ്വാഗതം ചെയ്തുവെങ്കിലും പ്രാദേശികതലത്തിൽ ഇതു നടപ്പാക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം സംഘടന നേരിട്ടുവരികയാണ്. ഇതിനിടെയിലാണ് പത്തനംതിട്ടയിൽ ആരംഭിച്ച സിഐടിയു സംസ്ഥാന ജനറൽ കൗൺസിലിനു മുന്പിലേക്ക് മുഖ്യമന്ത്രി ഇന്നലെ വിഷയം എടുത്തിട്ടത്.
കേരളത്തിലെ തൊഴിൽ മേഖലയ്ക്ക് തൊഴിലാളിയെ സപ്ലൈ ചെയ്യുന്ന പണിയല്ല തൊഴിലാളി സംഘടനയുടേതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ പറഞ്ഞു.നോക്കുകൂലിയും പുതിയ തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങുന്പോഴുള്ള വിലപേശലും കേരളത്തിലെ തൊഴിൽമേഖലയ്ക്കും തൊഴിലാളി സംഘടനകൾക്കുമുണ്ടാക്കിയത് അപമാനമാണ്.
ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ പൂർണമായി ഒഴിവാക്കാനാണ് നോക്കുകൂലി, അമിതകൂലി നിരോധന ഉത്തരവ് പ്രാബല്യത്തിൽ കൊണ്ടുവന്നത്. തൊഴിലാളി സംഘടനകൾ ആലോചിച്ചെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനങ്ങളെന്നും കേരളത്തിലെ തൊഴിൽ മേഖലയെക്കുറിച്ച് ബോധപൂർവം പ്രചരിപ്പിച്ചുകൊണ്ടിരുന്ന അപവാദങ്ങൾക്ക് ഇതോടെ അറുതിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലി നിരോധന ഉത്തരവ് ലംഘിച്ചാൽ സംഘടന നോക്കാതെ തന്നെ നടപടിയുണ്ടാകും. നിയമം നിയമത്തിന്റെ വഴിക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്പോഴും സ്ഥാപനങ്ങൾ തുടങ്ങുന്പോഴും സംഘടനകളുടെ പേരിൽ ചില ആളുകൾ എത്തി തങ്ങളുടെ നിശ്ചിത എണ്ണം തൊഴിലാളികളെ ജോലിക്കെടുക്കണമെന്നാവശ്യപ്പെടുന്നതായി ആക്ഷേപങ്ങളുണ്ട്. ഇത്തരത്തിൽ തൊഴിലാളിയെ സപ്ലൈ ചെയ്യുന്ന പണി സംഘടനകൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്തരം വിളവുകൾ ഇനി ഉണ്ടാകാൻ പോകുന്നില്ല. അങ്ങനെ എവിടെയെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ ഒഴിവാക്കാൻ സംഘടനകളും തീരുമാനിച്ചിരിക്കുകയാണ്. തൊഴിലാളിയുടെ അഭിമാനം ഉയർത്തുന്നതും തൊഴിൽ രംഗത്താകെ ഉൗർജം പകരുന്നതുമായ നല്ല ഒരു തൊഴിൽ നയമാണ് സംസ്ഥാന സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നോക്കുകൂലി നിരോധന ഉത്തരവ് വന്നദിവസംതന്നെ ഇതുമായി ബന്ധപ്പെട്ട ആരോപണം നേരിട്ടത് സിഐടിയുവാണ്. പത്തനംതിട്ട മല്ലപ്പള്ളി – വെണ്ണിക്കുളത്തുണ്ടായ വിഷയത്തിൽ ജനറൽ കൗൺസിൽ തിരക്കു പറഞ്ഞ് നടപടി വൈകിപ്പിച്ചിരിക്കുകയാണ്. വിഷയം അന്വേഷിച്ചുവരികയാണെന്ന മറുപടിയിൽ നേതൃത്വം വിഷയം ഒതുക്കി.
120 ചതുരശ്രമീറ്റർ ഗ്രാനൈറ്റ് ഇറക്കാൻ 13,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തിൽ സിഐടിയു തൊഴിലാളികളാണ് പ്രതിസ്ഥാനത്തെന്ന് ലേബർ വകുപ്പും വ്യക്തമാക്കിയിരുന്നു. തൊഴിൽമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നുണ്ട്. എൽഡിഎഫ് സർക്കാരിന് നോക്കുകൂലി നിരോധന ഉത്തരവ് ഏറെ പ്രതിച്ഛായ വർധിപ്പിച്ചുവെന്നും സിഐടിയു ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ടിവരുമെന്നാണ് മന്ത്രിമാർ നല്കുന്ന മുന്നറിയിപ്പ്.