തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചത് പാവപ്പെട്ട ജനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാർഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും നോട്ട് അസാധുവാക്കലിന്റെ ദുരിതം കൂടുതൽ അനുഭവിച്ചവരാണെന്നും അന്ധരായ ബിജെപി അനുയായികൾ വരച്ചുകാട്ടുന്നതുപോലെ നോട്ട് നിരോധനശേഷമുള്ള ഇന്ത്യ അത്ര ശോഭനമാണെന്നു താൻ കരുതുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
DEMONETISATION (നോട്ടുനിരോധനം) എന്ന പദം കഴിഞ്ഞ നവംബർ 8നു മുന്പ് എത്ര പേർക്ക് അറിയാമായിരുന്നു? അതുവരെ സാന്പത്തിക വിദഗ്ധർ, ബാങ്കിംഗ് മേഖലയിലുളളവർ, നിയമജ്ഞർ എന്നിവരും അതുമായി ബന്ധപ്പെട്ടവരും മാത്രം മനസിലാക്കിയ പദമാണത്.
നോട്ടുനിരോധനത്തിന്റെ ചെലവ്, ഇത് കാരണം ക്യൂ നിന്ന് മരിച്ചവർ, പുതിയ നോട്ടടിക്കാൻ ആർബിഐക്കുണ്ടായ ചെലവ് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരും അല്ലാത്തവരും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യങ്ങളിലൂടെയും പങ്കുവച്ചിട്ടുണ്ട്. സത്യത്തിൽ പാവപ്പെട്ട ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിച്ചത്. താത്കാലിക ജോലിയുളളവരും, ചെറിയ കച്ചവടം ചെയ്യുന്നവരും, കൃഷിക്കാരും, കാർഷിക തൊഴിലാളികളും, ഭിന്നശേഷിക്കാരും, വയോജനങ്ങളും ഇതിന്റെ ദുരിതം കൂടുതൽ അനുഭവിച്ചവരാണ്- പിണറായി പറഞ്ഞു.
പണത്തിന്റെ ലഭ്യതക്കുറവ് കാരണം നേരിടുന്ന പ്രയാസങ്ങളിൽ യുവജനങ്ങൾ ഉൽക്കണ്ഠാകുലരാണ്. ഐടി മേഖല താഴേക്കുപോയി. ടൂറിസം മേഖയെ ബാധിച്ചു. ടാക്സി ഡ്രൈവർമാരുൾപ്പെടെ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നവർ ബുദ്ധിമുട്ടിലായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കമുള്ളവരും നോട്ടുനിരോധനം മൂലമുളള മാന്ദ്യം അനുഭവിക്കുന്നില്ലേ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെ, അല്ലെങ്കിൽ അന്ധരായ അനുയായികൾ വരച്ചുകാട്ടുന്നതുപോലെ എല്ലാം ശോഭനമാണെന്നു ഞാൻ കരുതുന്നില്ല- മുഖ്യമന്ത്രി പറയുന്നു.
പ്രവാസികളുടെ വരുമാനവും സർക്കാർ ജോലിയും ഒൗപചാരികമായ തൊഴിലും ആശ്രയിച്ചാണ് ബഹുഭൂരിഭാഗംപേരും കേരളത്തിൽ ജീവിക്കുന്നത്. ഇങ്ങനെയുളള കേരളം പോലും നോട്ടുനിരോധനത്തിന്റെ ദോഷഫലം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും മോശമായിരിക്കും.
പാവങ്ങളും ദുർബലരുമാണ് ഇതിന് കൂടുതൽ ഇരയായതെന്ന വസ്തുത നാം അംഗീകരിക്കേണ്ടതുണ്ട്. കാണാത്ത ഭാവിയിൽ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളുടെ കാര്യം പറഞ്ഞ് ഈ പ്രശ്നം നമുക്കു നേരിടാനാവില്ല. ഓക്സിജൻ ഇപ്പോഴാണ് ആവശ്യം. സംഭവിച്ചെതെല്ലാം മറിച്ചാക്കാൻ കഴിയില്ലല്ലോ.
ഇത്തരത്തിലുളള കടുത്ത നടപടി എടുക്കും മുന്പ് സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ആലോചിച്ചില്ല. ഇനിയെങ്കിലും പ്രധാനമന്ത്രിയും ധനമന്ത്രിയും മുഖ്യമന്ത്രിമാരുടെയും സംസ്ഥാന ധനമന്ത്രിമാരുടെയും അടിയന്തിര യോഗം വിളിച്ച് ഈ പ്രശ്നങ്ങൾ വിലയിരുത്താൻ തയാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.